ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ അർദ്ധരാത്രിവരെ ദുബായിലെ പ്രധാന റോഡുകളിൽ ഗതാഗതം തടസ്സപ്പെടാൻ സാധ്യതയെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) മുന്നറിയിപ്പ് നൽകി. മാർച്ച് 25ന് മെയ്ദാൻ റേസ്കോഴ്സിൽ നടക്കുന്ന ദുബായ് ലോകകപ്പിനോട് അനുബന്ധിച്ച് തിരക്കേറുന്നതിനാലാണ് ഗതാഗത തടസ്സം നേരിടുകയെന്നും ആർടിഎ സൂചിപ്പിച്ചു.
അൽ മൈദാൻ സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, ദുബായ്-അൽ ഐൻ റോഡ് എന്നിവയുൾപ്പെടെയുള്ള പ്രധാന റോഡുകളിൽ ഉച്ചയ്ക്ക് 1 മണിക്കും അർദ്ധരാത്രിക്കും ഇടയിൽ തിരക്കേറും. ചിലയിടങ്ങളിൽ ടെയിൽ ബാക്ക് ഗതാഗതക്കുരുക്കിനും സാധ്യതയുണ്ട്. ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഡ്രൈവർമാർ നേരത്തെ പുറപ്പെടണമെന്നും ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ദുബായിലെ വലിയ കായിക വിനോദങ്ങളിലൊന്നായ കുതിരപന്തയത്തിന് നിരവധി ആരാധകരാണുളളത്. ഈ വർഷത്തെ ലോകകപ്പിന് 12 രാജ്യങ്ങളിൽ നിന്നുള്ള 126 കുതിരകളാണ് മത്സരിക്കുന്നത്. 30.5 മില്യൺ ഡോളറാണ് ആകെ സമ്മാനത്തുക. ഒന്നാം സമ്മാനാർഹരാകുന്ന ഗ്രൂപ്പിന് 12 മില്യൺ ഡോളർ പ്രതിഫലമായി ലഭിക്കും.