ദില്ലി: കത്തോലിക്ക സഭയുടെ സ്വത്ത് വിവരം സംബന്ധിച്ച് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ലേഖനം വിവാദമാകുന്നു. സര്‍ക്കാര്‍ കഴിഞ്ഞാല്‍ വഖഫ് ബോര്‍ഡിനല്ല കത്തോലിക്ക സഭയ്ക്കാണ് ഏറ്റവുമധികം ആസ്തിയെന്നാണ് ലേഖനത്തിൽ പറയുന്നത്. വിവാദമായതോടെ ഓര്‍ഗനൈസര്‍ വെബ്സൈറ്റില്‍ നിന്നും ലേഖനം പിന്‍വലിച്ചിട്ടുണ്ട്. കത്തോലിക്ക സഭയാണ് കേന്ദ്രസർക്കാരിൻ്റെ അടുത്ത ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
വഖഫ് ബില്‍ പാര്‍ലമെൻ്റ് പാസാക്കി അടുത്ത ദിവസമാണ് ആർഎസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിൻ്റെ വെബ്സൈറ്റിൽ കത്തോലിക്ക സഭയെ ലക്ഷ്യംവച്ചുള്ള ലേഖനം വന്നത്. സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഭൂമി വഖഫ് ബോര്‍ഡിനാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്ത്യയിലെ കത്തോലിക്ക സഭയ്ക്കാണ് ആസ്തി കൂടുതലെന്നാണ് ലേഖനത്തി. പറയുന്നത്. 17.29 കോടി ഏക്കര്‍ ഭൂമി കത്തോലിക്ക സഭക്ക് കീഴിലുള്ള പള്ളികള്‍ക്കുണ്ടെന്നും ഇരുപതിനായിരം കോടി രൂപ മൂല്യം ഭൂമിവിലയായി വരുമെന്നും ലേഖനത്തിൽ പറയുന്നു. ബ്രിട്ടീഷ് ഭരണകാലത്താണ് കത്തോലിക്ക സഭയുടെ കീഴിലേക്ക് വൻതോതിൽ സ്വത്ത് വന്നതെന്നും ലേഖനത്തിലുണ്ട്.
1927ല്‍ ചര്‍ച്ച് ആക്ച് കൊണ്ടുവന്നതോടെ സ്വത്തും വര്‍ധിച്ചു. സഭക്ക് വരുമാന സ്രോതസായി സ്കൂളുകളും, ആശുപത്രികളുമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ലേഖനം 2012ലെ കണക്കും വിശദീകരിക്കുന്നുണ്ട്. ആദിവാസി ഗ്രാമീണ മേഖലകളില്‍ സഭ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായും ലേഖനത്തില്‍ ആക്ഷേപമുണ്ട്.