ലോകകപ്പെന്ന കാൽപ്പന്ത് കളിയുടെ ലോകത്തിലെ ഏറ്റവും വലിയ കളിക്കളത്തിൽ ഇന്ത്യയ്ക്ക് കളിക്കാൻ കഴിഞ്ഞില്ലെങ്കിലും മറ്റ് രാജ്യങ്ങളുടെ ടീമുകളോടും കളിക്കളത്തിലെ നായകന്മാരോടും എന്നും അടങ്ങാത്ത ആരാധനയാണ് മലയാളികൾക്ക്. കേരളത്തിലെ മലപ്പുറം ജില്ല ഫുട്ബോൾ ആരാധകരുടെ മറ്റൊരു ലോകകപ്പ് സ്റ്റേഡിയം പോലെയാണെന്ന് വിശേഷിപ്പിക്കാറുണ്ട്. എങ്കിലും മെസ്സിക്കും നെയ്മറിനും റൊണാൾഡോയ്ക്കുമുള്ള ആരാധക വൃന്ദങ്ങൾക്ക് മീതെ മറ്റൊരു കളിക്കാരനും ഇതുവരെ സ്ഥാനം നേടാനായിട്ടില്ല.
പെലെയും മറഡോണയും ലോകകപ്പിന്റെ ദൈവങ്ങൾ ആയപ്പോൾ അവരുടെ പാത പിന്തുടർന്ന് മഞ്ഞപ്പടയുടെ നെയ്മറും നീലപ്പടയുടെ മെസ്സിയും ബൂട്ടണിഞ്ഞ കാലുകൾക്കൊണ്ട് ഗോൾ വിസ്മയങ്ങൾ തീർത്തിട്ടുണ്ട്. എന്നാൽ പോർച്ചുഗലിന്റെ നായകൻ റൊണാൾഡോയ്ക്ക് പിന്നിലുള്ളത് മോശം ജീവിതാനുഭവങ്ങളും കളിയാക്കലുകളും അതിജീവിച്ച് ആത്മവിശ്വാസം കൊണ്ടും കഠിനാധ്വാനം കൊണ്ടും ഫുട്ബോൾ ലോകത്ത് സ്വന്തം സ്ഥാനം നേടിയെടുത്ത റൊണാൾഡോ തന്നെയാണ്.
നാല് വർഷത്തിലൊരിക്കൽ സംഭവിക്കുന്ന അത്ഭുതമെന്നാണ് ലോകകപ്പിനെ ഫുട്ബോൾ ആരാധകർ വിശേഷിപ്പിക്കാറ്. 22ആമത് ഫിഫ ലോകകപ്പ് ഖത്തറിൽ നടക്കുമ്പോൾ എന്നത്തേയും പോലെ ആവേശം ഇങ്ങ് മലയാളക്കരയിലും അലയടിക്കുന്നുണ്ട്. ഇപ്പോഴിതാ റൊണാൾഡോയുടെ ആരാധക വൃന്ദങ്ങൾക്ക് ആവേശമായി ഫുട്ബോൾ താരങ്ങളുടെ, കേരളത്തിലെ ഏറ്റവും വലിയ കട്ട് ഔട്ട് പാലക്കാട് കൊല്ലങ്കോട്ടിൽ സ്ഥാപിച്ചിരിക്കുകയാണ്. 120 അടി ഉയരമാണ് റൊണാൾഡോയുടെ ഈ കട്ട് ഔട്ടിനുള്ളത്. കൊല്ലങ്കോട്ടിലെ ഫിൻ മാർട്ട് സൂപ്പർമാർക്കറ്റാണ് ഈ കൂറ്റൻ കട്ട് ഔട്ടിനു പിന്നിൽ.
ഏകദേശം രണ്ട് ലക്ഷം രൂപയോളമാണ് ഇതിനായി മാത്രം ചിലവഴിച്ചിരിക്കുന്നത് ഒരാഴ്ചയിൽ കൂടുതൽ ദിവസങ്ങളായി 30 ഇൽ കൂടുതൽ പേരോളം കഠിനാധ്വാനം ചെയ്താണ് ഈ വലിയ കട്ട് ഔട്ട് സ്ഥാപിച്ചത്. സ്ഥലം എം എൽ എ കെ ബാബുവും പഞ്ചായത്ത് പ്രസിഡന്റ് സത്യപാലും ചേർന്നു പോർച്ചുഗലിന്റെ പതാക കൈമാറി ശനിയാഴ്ച രാത്രി 11 മണിക്ക് കട്ട് ഔട്ട് അനാവരണം ചെയ്തു. റൊണാൾഡോയോടുള്ള വെറും ആരാധന മാത്രമല്ലിത്, ആരാധകരുടെ സ്വന്തം CR7 ന് നൽകുന്ന ആദരവ് കൂടിയാണിതെന്ന് ഫിൻമാർട്ടും കൊല്ലങ്കോട്ടിലെ ആരാധകരും പറയുന്നു.