ഈ വർഷം അവസാനം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ വിട്ടു നിന്നേക്കുമെന്ന് സൂചന. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മോശം പ്രകടനത്തെ തുടർന്ന് വരാനിരിക്കുന്ന പരമ്പരയിൽ നിന്ന് ഇന്ത്യൻ നായകൻ വിട്ടുനിൽക്കാൻ തീരുമാനിച്ചതായിട്ടാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം ടെസ്റ്റ് ടീമിൽ വിരാട് കോഹ്ലി സ്ഥാനം നിലനിർത്താൻ സാധ്യതയുണ്ടെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഓസ്ട്രേലിയൻ പര്യടനത്തിൽ കോഹ്ലിയും രോഹിത്തും മോശം ഫോമിലായിരുന്നു. ഒടുവിൽ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന പുതുവത്സര ടെസ്റ്റിൽ നിന്ന് രോഹിത് സ്വയം പിന്മാറുകയും ചെയ്തു.
ജസ്പ്രീത് ബുംറ ഇന്ത്യയെ നയിച്ച പെർത്ത് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ രോഹിത് കളിച്ചിരുന്നില്ല. എന്നാൽ അഡലെയ്ഡ് ഓവലിൽ നടന്ന ഡേ-നൈറ്റ് ടെസ്റ്റിൽ തിരിച്ചെത്തിയതിനുശേഷം, ടെസ്റ്റിൽ റൺസിനായി രോഹിത് പാടുപെടുന്നതാണ് കണ്ടത്. മൂന്ന് മത്സരങ്ങളിൽ 6.20 ശരാശരിയിൽ 31 റൺസ് മാത്രമാണ് രോഹിത് നേടിയത്.
സിഡ്നി ടെസ്റ്റിൽ നിന്ന് രോഹിത് പിന്മാറിയതിന് ശേഷം, അദ്ദേഹം വിരമിക്കുമെന്ന അഭ്യൂഹങ്ങളും പരന്നു. എന്നിരുന്നാലും, ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് രോഹിത് പിന്നീട് വ്യക്തമാക്കിയിരുന്നു.
“ഇത് വിരമിക്കൽ തീരുമാനമല്ല. ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് ഞാൻ പിന്മാറുന്നില്ല. പക്ഷേ റൺസ് നേടാൻ കഴിയാത്തതിനാൽ ഈ കളിയിൽ നിന്ന് പിന്മാറാൻ ഞാൻ തീരുമാനിച്ചു. 2 മാസമോ 5 മാസമോ കഴിഞ്ഞ് ഞാൻ റൺസ് നേടുമെന്ന് ഉറപ്പില്ല,” രോഹിത് പിന്നീട് സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
അതേസമയം പെർത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ വിരാട് സെഞ്ച്വറി നേടിയിരുന്നു, എന്നാൽ അതല്ലാതെ വലിയ സ്കോർ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ബിസിസിഐയുടെ കർശന നിലപാടിനെ തുടർന്ന് രഞ്ജി ട്രോഫിയിൽ രോഹിത്തും വിരാടും കളിച്ചെങ്കിലും അവിടെയും വലിയ സ്കോർ നേടുന്നതിൽ അവർ പരാജയപ്പെട്ടു.
എന്നാൽ ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ രോഹിതും വിരാടും നിർണായക പങ്കുവഹിച്ചു. ഫൈനലിൽ രോഹിത് 76 റൺസ് നേടിയപ്പോൾ വിരാട് പാകിസ്ഥാനെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയും യഥാക്രമം 100 നോട്ടൗട്ട്, 84 റൺസ് എന്നിവ നേടി. ജൂൺ 20 ന് ലീഡ്സിലെ ഹെഡിംഗ്ലിയിൽ നടക്കുന്ന ആദ്യ ടെസ്റ്റോടെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത്. എഡ്ജ്ബാസ്റ്റൺ, ലോർഡ്സ്, ഓൾഡ് ട്രാഫോർഡ്, കെന്നിംഗ്ടൺ ഓവൽ എന്നിവ മറ്റ് നാല് ടെസ്റ്റുകൾക്ക് ആതിഥേയത്വം വഹിക്കും.