കേരളത്തിന് അഭിമാനമായി അമേരിക്കയിൽ മലയാളി തിളക്കം. അമേരിക്കയിലെ മിസോറി സിറ്റിയെ രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കിമാറ്റിയ റോബിൻ ഇലക്കാട്ട് വീണ്ടും മിസോറി സിറ്റി മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. യോലാൻഡാ ഫോർഡിനെ പരാജയപ്പെടുത്തിയാണ് റോബിൻ വീണ്ടും അധികാരത്തിലെത്തിയത്.
കേരളത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളാണ് റോബിൻ അമേരിക്കയിലും പരീക്ഷിച്ചത്. ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിചെന്ന് ജനകീയനാവാൻ റോബിന് കഴിഞ്ഞതാണ് നേട്ടമായത്. ജനകീയനായ ഒരു മേയറായി മാറാൻ അദ്ദേഹത്തിന് സാധിച്ചു. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് അവർക്ക് ഒരു ഫോൺ കോളിനപ്പുറത്ത് ഒരു ജനകീയനായ മേയർ ഉണ്ടെന്ന് മനസ്സിലാക്കി കൊടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.
മേയറായതിന് ശേഷം പൊതുജന സുരക്ഷ, നികുതി ഇളവുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അദ്ദേഹം പ്രവർത്തനങ്ങൾ നടത്തി. പുതിയ ബിസിനസ് സംരംഭങ്ങൾ സിറ്റിയിൽ വരാൻ നികുതിയിളവ് ഉൾപ്പെടെയുള്ളവ കൊണ്ട് സാധിച്ചു. പ്രോപ്പർട്ടി ടാക്സ് കുറയ്ക്കുകയും, മുതിർന്നവർക്കും വികലാംഗർക്കും പ്രത്യേക നികുതിയിളവ് നൽകിയത് സിറ്റിയുടെ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമായിരുന്നു. ജനങ്ങളുടെ മേൽ അമിതമായ നികുതിഭാരം അടിച്ചേൽപ്പിക്കാതെ സുസ്ഥിരമായ ഒരു ഭരണ സംവിധാനമാണ് റോബിൻ ഇലക്കാട്ട് നടപ്പിലാക്കിയത്. അതിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയം.
കോട്ടയം ജില്ലയിലെ കുറുമുള്ളൂർ ഗ്രാമത്തിലാണ് റോബിൻ ജനിച്ചത്. 40 വർഷമായി റോബിൻ യുഎസിലെ സ്ഥിരതാമസക്കാരനാണ്. അമ്മ ഏലിയാമ്മയും പിതാവ് ഫിലിപ്പും അമേരിക്കയിൽ തന്നെയാണ്. 2009 ൽ നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ച് കൗൺസിൽ മെമ്പറായി. 2011 ലും 2013 ലും എതിരില്ലാതെ കൗൺസിലേക്ക് വിജയിച്ചു. 2020 ലാണ് തിരഞ്ഞെടുപ്പിൽ മൽസരിച്ച് മിസോറി മേയറായത്.