റിയാദ് സീസൺ കപ്പിനായി വ്യാഴാഴ്ച റിയാദ് കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മെസിയുടെ പി.എസ്.ജിയും റൊണാൾഡോയുടെ അൽനസ്ർ-അൽഹിലാൽ സംയുക്ത ടീമും ഏറ്റുമുട്ടുന്ന മത്സരം കാണാനുള്ള ഒറ്റടിക്കറ്റ് ഒരു കോടി റിയാൽ മുടക്കി സ്വന്തമാക്കിയത് സൗദി വ്യവസായി മുശറഫ് അൽഗാംദി. സങ്കൽപ്പത്തിനപ്പുറം എന്ന പേരിട്ട് ആഗോള വിൽപനക്ക് വെച്ച ടിക്കറ്റിെൻറ ഒരാഴ്ച നീണ്ട ലേലംവിളി അവസാനിച്ചത് ചൊവ്വാഴ്ച രാത്രിയാണ്.
ബാക്കി മുഴുവൻ ടിക്കറ്റുകളും ഓൺലൈൻ വിൽപന ആരംഭിച്ച് നിമിഷങ്ങൾക്കകം വിറ്റുപോയതിനെ തുടർന്ന് സവിശേഷ ആനുകൂല്യങ്ങളുള്ള ഗോൾഡൻ ടിക്കറ്റ് ലേലത്തിന് വെക്കുകയായിരുന്നു. ലേലം വിളിച്ചുകിട്ടുന്ന പണം മുഴുവൻ സൗദി അറേബ്യയായ ഇഹ്സാൻ ചാരിറ്റി ഡിജിറ്റൽ പ്ലാറ്റ്ഫോമിന് സംഭാവന ചെയ്യും എന്നറിയിച്ചുകൊണ്ടാണ് ലേലം വിളി ആരംഭിച്ചത്. പൊതു വിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് 20 ലക്ഷം വിളിച്ചുതുടങ്ങിയ ലേലം ദിവസങ്ങൾക്കകം ഒരു കോടിയിലേക്ക് എത്തി. ഏറ്റവും ഉയർന്ന ലേല തുക ഒരു കോടി റിയാലാണെന്നും അതുവിളിച്ച മുശറഫ് അൽഗാംദിയെ വിജയിയായി പ്രഖ്യാപിടക്കുകയാണെന്നും ആലുശൈഖ് ട്വീറ്റ് ചെയ്തു.