തിരുവനന്തപുരം: കടുത്ത പ്രമേഹവും അണുബാധയും കാരണം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ വലതുകാൽപാദം മുറിച്ചു മാറ്റി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ശസ്ത്രക്രിയ. മുറിവുണങ്ങിയ ശേഷം കൃതിമകാൽപാദം വച്ചു പിടിപ്പിക്കാനാണ് ഡോക്ടർമാരുടെ പദ്ധതി. പുതിയ അവസ്ഥയുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണെന്നും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മൂന്ന് മാസത്തെ അവധിയെടുക്കാൻ പാർട്ടിക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. എന്നാൽ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന വാർത്തകൾ തെറ്റായ പ്രചരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ സംഭവിച്ച ഒരു അപകടം മൂലം കാനത്തിൻ്റെ ഇടതുകാലിന് നേരത്തെ തന്നെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പ്രമേഹം വന്നതോടെ അതു കൂടുതലായി. ഇതിനിടയിലാണ് വലതുകാലിന് അടിഭാഗത്തായി മുറിവുണ്ടായത്. കടുത്ത പ്രമേഹമുള്ളതിനാൽ ഈ മുറിവ് കരിഞ്ഞില്ല. രണ്ട് മാസമായിട്ടും മുറിവ് കരിയാതിരുന്നതോടെയാണ് കാനം വിദഗ്ദ്ധ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയത്. അപ്പോഴും കാലിന് അടിയിലെ മുറിവിൽ നിന്നും പഴുപ്പു മുകളിലേക്ക് കയറിയിരുന്നു. രണ്ട് വിരലുകൾ മുറിച്ചു കളയണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. കാനം സമ്മതിച്ചു. ഓപ്പറേഷൻ തീയറ്ററിൽ വച്ച് പഴുപ്പു കൂടുതൽ വ്യാപിച്ചതായി കണ്ടെത്തിയ ഡോക്ടർമാർ മൂന്ന് വിരലുകൾ മുറിച്ചു മാറ്റി. എന്നിട്ടും അണുബാധയ്കക്ക് കുറവുണ്ടായില്ല. ഇതോടെയാണ് കഴിഞ്ഞ ചൊവ്വാഴ്ച വലതുകാൽ പാദം പൂർണമായി മുറിച്ചു മാറ്റിയത്.
വളരെ പെട്ടെന്നാണ് ആരോഗ്യനില ഇത്ര വഷളായതെന്ന് കാനം പറയുന്നു. കാൽപാദം മുറിച്ചു മാറ്റിയതോടെ ഷുഗർ കുറഞ്ഞെന്നും നേരത്തെ എടുത്ത ഇൻസുലിൻ്രെ മൂന്നിൽ ഒന്നും പോലും ഇപ്പോൾ വേണ്ടി വരുന്നില്ലെന്നും അദ്ദേഹം മനോരമയോട് പ്രതികരിച്ചു.നേരത്തെ ഉണ്ടായിരുന്ന ചില ആരോഗ്യപ്രശ്നങ്ങളും ഇപ്പോളില്ല. വേദനയുണ്ടെങ്കിലും അതു കുറയുന്നുണ്ടെന്നും നിലവിലെ അവസ്ഥയെ അതിജീവിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കാനം പറഞ്ഞു. രണ്ട് മാസത്തിനുള്ള കൃതിമപാദം വയ്ക്കുമെന്നും അതുമായി പൊരുത്തപ്പെടുക എന്നതാണ് അടുത്ത വെല്ലുവിളിയെന്നും കാനം പറഞ്ഞു.