അദാനി-ഹിൻഡൻബർഗ് വിവാദം സംബന്ധിച്ച് സുപ്രധാന നിർദേശവുമായി സുപ്രീംകോടതി. അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗിന്റെ റിപ്പോർട്ടിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി പ്രത്യേക സമിതിയെ നിയോഗിച്ചു. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മാർക്കറ്റ് റെഗുലേറ്റർ സെബിയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിർദേശിച്ചത്.
സർവ്വീസിൽ നിന്നും വിരമിച്ച അഭയ് മനോഹർ സാപ്രെ അധ്യക്ഷനായ സമിതിയിൽ കെ വി കാമത്ത്, ഒ പി ഭട്ട്, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, റിട്ട ജസ്റ്റിസ് ജെ പി ദേവ്ധർ എന്നിവരാണ് അംഗങ്ങൾ. വിദഗ്ധ സമിതി, നിയമപരമായ കാര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദേശിക്കും. കൂടാതെ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്നും ഓഹരി വിലയിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. സമിതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ മുദ്രവച്ച കവറിൽ നൽകിയ പേരുകൾ സ്വീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് അടിതെറ്റിയപ്പോൾ ഓഹരി നിക്ഷേപകർക്കുണ്ടായ കോടികളുടെ നഷ്ടത്തിൽ കോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു. നിക്ഷേപകർക്കു പരിരക്ഷ നൽകാനുള്ള കാര്യക്ഷമമായ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് വിദഗ്ധസമിതിയുടെ സാധ്യത ആരാഞ്ഞത്.