മണിപ്പൂരില്‍ കുകി വനിതകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി ആക്രമിക്കുകയു ചെയ്ത സംഭവത്തിലെ ഒരു സ്ത്രീ വിരമിച്ച സൈനികന്റെ ഭാര്യ. കാര്‍ഗില്‍ യുദ്ധത്തില്‍ സൈനികനായിരുന്നു ഇയാള്‍.
യുദ്ധത്തേക്കാള്‍ ഭീകരമായ സാഹചര്യമാണ് തന്റെ നാട്ടില്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്നും സൈനികന് പറഞ്ഞു.
‘വല്ലാത്ത അവസ്ഥയില്‍ ആയിരുന്നു അവള്. ഡിപ്രഷന് സ്റ്റേജിലാണ്. ഞങ്ങളുടെ മക്കളുടെ സ്നേഹവും പരിപാലനവും കൊണ്ട് അവള് പഴയ ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കാര്‍ഗിലില്‍ ഞാന്‍ യുദ്ധം നേരിട്ട് കണ്ടിട്ടുണ്ട്. അതിനേക്കാള്‍ ഭയാനകമാണ് തിരിച്ച് വന്നപ്പോള്‍ എന്റെ നാടിന്റെ അവസ്ഥ,’ സൈനികന് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
മെയ് നാലിന് ഗ്രാമത്തിലെത്തിയ അവര്‍ വീടുകള്‍ കത്തിച്ചു തുടങ്ങി. ആദ്യം താഴെയുള്ള ഭാഗങ്ങളിലായിരുന്നു. അപ്പോള്‍ മുതല്‍ ആളുകള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഞങ്ങള്‍ രണ്ട് പേരും വ്യത്യസ്ത സ്ഥലങ്ങളിലേക്കാണ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. അവളും മറ്റ് നാല് പേരും കാട്ടിനുള്ളില്‍ ഒരു മരത്തിന് പിന്നില്‍ ഒളിച്ചു നിന്നു. എനിക്ക് അവളെ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. എന്റെ മുന്നില്‍ നിന്നാണ് പിടിച്ചു കൊണ്ട് പോയത്,’ സൈനികന് പറഞ്ഞു.
ചില അക്രമകാരികള്‍ ഞങ്ങളുടെ ആടുകളെയും കോഴികളെയും പിടിക്കാന്‍ വേണ്ടി കാടുകൡലേക്ക് ഓടി. ആ സമയത്താണ് അവര്‍ ഭാര്യയെയും കുട്ടികളെയും കാണുന്നതും പിടികൂടുന്നതും.
എന്റെ ഭാര്യയെ കൂടാതെ അക്കൂട്ടത്തില്‍ മറ്റൊരു സ്ത്രീയും അവരുടെ കുട്ടിയും കുടുംബത്തിലെ പിതാവും മകളും മകനും ഉള്‍പ്പെട്ട ഒരു കുടുംബവും ഉണ്ടായിരുന്നു. ഇവരെ ആള്‍ക്കൂട്ടം തുറസ്സായ സ്ഥലത്തേക്ക് കൊണ്ടു വന്നു. അപ്പോള്‍ സമീപത്ത് ഉണ്ടായിരുന്ന പൊലീസ് ജീപ്പിലേക്ക് ഇവര്‍ ഓടിക്കയറി. എന്നാല്‍ പൊലീസുകാരെയും ബന്ധികളാക്കി ഇവരെ വലിച്ച് ആള്‍ക്കൂട്ടം പുറത്തേക്ക് വലിച്ചിടുകയായിരുന്നു.
മൂന്ന് സ്ത്രീകളെ നഗ്നരാക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. കൂട്ടത്തില്‍ ഒരു സ്ത്രീയുടെ കയ്യില്‍ കുട്ടി ഉണ്ടായിരുന്നതിനാല്‍ അവരെ വെറുതെ വിട്ടു.
കൂടെ ഉണ്ടായിരുന്ന മറ്റേ പെണ് കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ പിതാവും സഹോദരനും തടയുകയായിരുന്നു. അതിനിടയിലാണ് കൊല്ലപ്പെടുന്നതെന്നും സൈനികന് പറഞ്ഞു.
തോക്ക് ചൂണ്ടിയാണ് അവരെ നഗ്നരാക്കാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നതെന്ന് യുവതിയും പറഞ്ഞു. വസ്ത്രങ്ങള്‍ അഴിച്ചില്ലെങ്കില്‍ കൊന്ന് കളയുമെന്ന് പറഞ്ഞു. അവര്‍ ഞങ്ങളെ കൊണ്ട് നൃത്തം ചെയ്യിച്ചു. വന്യമൃഗങ്ങളെ പോലെയാണ് പെരുമാറിയതെന്നും അവര്‍ പറഞ്ഞു.
രണ്ട് സ്ത്രീകളെ പൂര്‍ണ നഗ്നരാക്കി പൊതുവഴിയിലൂടെ നടത്തിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതിന് പിന്നാലെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്.