അയോധ്യയില്‍ ഭൂമി സ്വന്തമാക്കി ബോളിവുഡ് താരം അമിതാഭ് ബച്ചന്. രാമക്ഷേത്രം നിര്‍മിക്കുന്ന ഉത്തര്‍പ്രേദശിലെ അതേ ടൗണിലെ സെവന് സ്റ്റാര്‍ എന്‍ക്ലേവില്‍ സ്ഥലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹൗസ് ഓഫ് അഭിനന്ദന് ലോധയില്‍ നിന്നാണ് ബച്ചന് സ്ഥലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
വാങ്ങിയ സ്ഥലത്തിന്റെ അളവോ മൂല്യമോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും 14.5 കോടിയ്ക്ക് 10,000 സ്വകയര്‍ഫീറ്റ് ഭൂമിയാണ് വാങ്ങിയതെന്നാണ് സൂചന.
ക്ഷേത്രത്തില്‍ നിന്ന് ഈ സ്ഥലത്തേക്ക് 15 മിനുട്ട് ദൂരവും വിമാനത്താവളത്തിലേക്ക് അരമണിക്കൂര്‍ ദൂരവും മാത്രമാണ് ഉള്ളത്.
‘അയോധ്യയിലെ അഭിനന്ദന് ലോധയുടെ സരയു പ്രോജക്ടിനൊപ്പമുള്ള യാത്രയില്‍ സന്തോഷമുണ്ട്. ഈ നഗരത്തിന് എന്റെ ഹൃദയത്തിന് പ്രത്യേക ഇടമുണ്ട്. അയോധ്യയുടെ ആത്മീയതയും സാസ്കാരിക സമ്പന്നതയും ഇടകലര്‍ന്ന് ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറം ഒരു വൈകാരിക ബന്ധമുണ്ടാക്കുന്നു,’ അമിതാഭ് ബച്ചന് പറഞ്ഞു.
51 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഹൗസ് ഓഫ് അഭിനന്ദന് ലോധയുടെ സരയു പ്രോജക്ടും അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠദിനമായ ജനുവരി 22നാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. പഞ്ചനക്ഷത്ര ഹോട്ടല്‍ ഉള്‍പ്പെടെയാണ് സരയു പദ്ധതിയില്‍ നിര്‍മിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2028 ഓടെ നിര്‍മാണം പൂര്‍ത്തിയാക്കും.