കൊച്ചി: വിപണിയെ ഞെട്ടിച്ച് കുതിച്ചു കയറി സ്വര്‍ണവില. പവന് ഇന്ന് മാത്രം 2200 രൂപ വര്‍ധിച്ച് 74,320 രൂപയിൽ എത്തി. കേരളത്തിലെ സ്വര്‍ണവിപണിയുടെ ചരിത്രത്തില്‍ വളരെ അപൂര്‍വ്വമായാണ് ഇത്ര ഉയര്‍ന്ന വര്‍ധന ഒരൊറ്റ ദിവസമുണ്ടായത്.
അന്താരാഷ്ട്ര വിപണിയിലെ കുതിപ്പിന് ചുവട് പിടിച്ചാണ് കേരളത്തിലെ വിലയും കത്തിക്കയറുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 3485 ഡോളറാണ് നിലവിലെ വില. ഇത് 3500 ഡോളര്‍ കടന്ന് കുതിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അപ്രതീക്ഷിതമായി സ്വര്‍ണത്തിന് ഡിമാൻഡ് കൂടിയതാണ് വിലയിലെ കുതിപ്പിന് പിന്നില്‍. വിവിധ രാജ്യങ്ങള്‍ക്ക് ചുമത്തിയ തീരുവ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചെങ്കിലും ചൈനയുടേത് വന്‍തോതില്‍ വര്‍ധിപ്പിച്ചതാണ് പെട്ടെന്നുള്ള നിരക്ക് വർധനയ്ക്ക് കാരണം. തുടര്‍ച്ചയായ അഞ്ച് ദിവസത്തെ വിലയിടിവിന് ശേഷമാണ് കേരളത്തിൽ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി വര്‍ധനവുണ്ടാകുന്നത്.
കഴിഞ്ഞ മാസം 20ന് 66,480 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണം ഇടക്ക് കുറഞ്ഞെങ്കിലും പിന്നീട് തിരിച്ചുകയറിയാണ് റെക്കോഡ് തിരുത്തിയത്. പവന് ആയിരം കുറഞ്ഞ ശേഷം ആണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്.