ദില്ലി: ബലാത്സംഗക്കേസിൽ പ്രതിയായ മലയാളിയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ. ഇൻ്റർപോൾ റെഡ് നോട്ടീസ് ഇറക്കിയ കണ്ണൂർ സ്വദേശിയെയാണ് സിബിഐ ഇടപെടലിലൂടെ ദുബായിൽ നിന്നും ഇന്ത്യയിലെത്തിച്ചത്. കണ്ണൂർ സ്വദേശിയായ മിഥുൻ വി.വി ചന്ദ്രനെയാണ് കർണാടക പൊലീസിൻ്റെ ആവശ്യപ്രകാരം ദുബായിൽ പിടികൂടി ഇന്ത്യയിലെത്തിച്ചത്.
2020-ലാണ് ബംഗളൂരുവിലെ മഹാദേവപുര പോലീസ് സ്റ്റേഷനിൽ കണ്ണൂർ സ്വദേശിയായ യുവതി മിഥുനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ അനുസരിച്ച് മിഥുനെതിരെ കേസെടുത്തു. എന്നാൽ കേസെടുത്തതിന് പിന്നാലെ ഇയാൾ ദുബായിലേക്ക് കടന്നു.
ഇതോടെ കർണാടക പൊലീസ് സിബിഐയെ സമീപിക്കുകയും സിബിഐ ഇൻ്റർപോളുമായി നടത്തിയ ആശയവിനിമയത്തിനൊടുവിൽ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്യുകയായിരുന്നു. ജനുവരി ഇരുപത്തിനാണ് നോട്ടീസ് ഇൻ്റർപോൾ ഇറക്കിയത് പിന്നാലെ സിബിഐ ഇയാളുടെ ദുബായിലെ വിലാസം കണ്ടെത്തി. വൈകാതെ ദുബായ് പൊലീസ് ഇയാളെ പിടികൂടി ഇന്ത്യയിലേക്ക് ഡിപോർട്ട് ചെയ്തു.
ഇൻ്റർപോളുമായി സഹകരിക്കുന്ന കേന്ദ്രസർക്കാർ ഏജൻസിയാണ് സിബിഐ. 2023-ൽ മാത്രം വിവിധ സേനകൾ അന്വേഷിച്ചു കൊണ്ടിരുന്ന 23 കുറ്റവാളികളെയാണ് വിദേശത്ത് നിന്നും ഇൻ്റർപോൾ മുഖേന സിബിഐ ഇന്ത്യയിൽ തിരികയെത്തിച്ചത്.