മസ്ജിദുകളില്‍ റമദാൻ പ്രാര്‍ഥനയ്ക്കായി എത്തുന്നവര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. നിർദേശിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്താത്തവർക്കും ക്രമരഹിതമായി പാർക്ക് ചെയ്യുന്നവര്‍ക്കും 500 ദിര്‍ഹം പിഴ ചുമത്തുമെന്നും പൊലീസ് അറിയിച്ചു. കൂടാതെ പള്ളികളിലേക്ക് പ്രവേശിക്കുന്നവർക്കും പുറത്തേക്ക് പോകുന്നവർക്കും തടസ്സമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം റമദാനില്‍ പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അബൂദാബി മീഡിയയുമായി ചേര്‍ന്ന് അബൂദബി പൊലീസ് പ്രതിദിന റമദാന് ടെലിവിഷന്‍ ഷോയും ആരംഭിച്ചിട്ടുണ്ട്. കൂടാതെ തറാവീഹ് സമയത്ത് തിരക്കുണ്ടാവുന്ന സ്ഥലങ്ങളിൽ പൊലീസ് പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘകരെ കണ്ടെത്തുന്നതിനായുള്ള നിരീക്ഷണ കാമറകളുമുണ്ട്.
റമദാനോടനുബന്ധിച്ച് ട്രക്കുകള്‍ക്കും തൊഴിലാളികളെ കൊണ്ടുപോവുന്ന ബസുകള്‍ക്കും അബൂദാബിയില്‍ പുതിയ സമയ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ട് മണിമുതൽ 10 മണി വരെ അബൂദാബി, അല്‍ഐന്‍ റൂട്ടുകളില്‍ ട്രക്കുകള്‍ ഓടിക്കാന്‍ അനുവാദമുണ്ടായിരിക്കില്ല. കൂടാതെ അൻപതോ അതിലധികമോ തൊഴിലാളികളെ കൊണ്ടുപോവുന്ന ബസുകള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. ഉച്ചയ്ക്ക് ശേഷം രണ്ട് മണിമുതല്‍ വൈകീട്ട് നാലുവരെയാണ് അബൂദാബി, അല്‍ഐന്‍ സിറ്റി റോഡുകളില്‍ ട്രക്കുകള്‍ നിരോധിച്ചിരിക്കുന്നത്.
റമദാന് മാസത്തിലെ പെയ്ഡ് പാര്‍ക്കിങ്, ടോള്‍ ഗേറ്റ്, പൊതുഗതാഗത സമയക്രമീകരണവും അബൂദബി സംയോജിത ഗതാഗത കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ട് മണിമുതല്‍ അര്‍ധരാത്രി വരെയാണ് പാര്‍ക്കിങ് ഫീസ് ഈടാക്കുക. ഞായറാഴ്ചകളില്‍ പാര്‍ക്കിങ് സൗജന്യമാണെന്നും അധികൃതർ അറിയിച്ചു. കൂടാതെ ദര്‍ബ് ടോള്‍ ഗേറ്റ് സംവിധാനം രാവിലെ എട്ട് മണിമുതല്‍ 10 മണിവരെയും വൈകുന്നേരം രണ്ട് മണിമുതല്‍ നാല് മണിവരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. തിങ്കള്‍ മുതല്‍ ശനിവരെ ടോള്‍ ബാധകമാണ്.