റമദാനോട് അനുബന്ധിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകളിൽ പണം അടച്ചുളള പാർക്കിംഗ് സമയക്രമത്തിൽ മാറ്റം. അബുദാബി, ദുബൈ, ഷാർജ, അജ്മാൻ എമിറേറ്റുകളാണ് പാർക്കിംഗിന് പണം നൽകേണ്ട സമയത്തിലെ മാറ്റം അറിയിച്ചത്.
ദുബായ്
ദുബായിൽ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ പാർക്കിംഗിന് പണം നൽകണം. പിന്നീട് രാത്രി എട്ട് വരെ രണ്ട് മണിക്കൂർ പാർക്കിങ് സൗജന്യമായിരിക്കും. രാത്രി 8 മുതൽ 12 വരെ വീണ്ടും പാർക്കിംഗിന് ഫീസ് അടക്കണം. എന്നാൽ ടീകോം മേഖലയിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ മാത്രമേ പാർക്കിങ് ഫീസ് ഈടാക്കൂ. മൾട്ടിലെവൽ പാർക്കിംഗുകളിൽ മുഴുവൻ സമയവും പണം ഈടാക്കുമെന്നും ദുബായ് ആർടിഎ അറിയിച്ചു.
അബുദാബി
അബുദാബിയിൽ തിങ്കൾ മുതൽ ശനി വരെയുള്ള നിലവിലെ സമയം അനുസരിച്ച് രാവിലെ 8 മുതൽ 12 വരെ പാർക്കിംഗിന് പണം ഈടാക്കും. ഞായറാഴ്ചകളിൽ പാർക്കിംഗ് സൗജന്യമായിരിക്കും. ദർബ് ടോൾ ഗേറ്റ് സംവിധാനത്തിൻ്റെ തിരക്കേറിയ സമയം രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകുന്നേരം 2 മണി മുതൽ 4 മണി വരെയും ആയി പരിഷ്കരിച്ചു. തിങ്കൾ മുതൽ ശനി വരെ ടോൾ നിരക്കുകൾ ബാധകമാകും. ഞായറാഴ്ചകളിൽ ഇത് സൗജന്യമായിരിക്കുമെന്നും ഗതാഗത വിഭാഗം.
ഷാർജ
ഷാർജയിൽ ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ പണം അടച്ചുളള പാർക്കിംഗ് സമയം രാവിലെ 8 മണി മുതൽ അർദ്ധരാത്രി 12 മണി വരെ ആയിരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. നീല വിവര ചിഹ്നങ്ങളുള്ള സോണുകൾ ഒഴികെ വെള്ളിയാഴ്ചകളിൽ പാർക്കിംഗ് സൗജന്യമാണ്. പള്ളികൾക്ക് ചുറ്റുമുള്ള പാർക്കിംഗ് അദാൻ മുതൽ ഒരു മണിക്കൂർ സൗജന്യമായിരിക്കുമെന്നും ഷാർജ മുനിസിപ്പാലിറ്റി.
അജ്മാൻ
അജ്മാനിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള പാർക്കിംഗ് ലോട്ടുകളുടെ പ്രവർത്തന സമയം രണ്ട് ഷിഫ്റ്റുകളിലായിരിക്കുമെന്ന് മുനിസിപ്പാലിറ്റിയുടെ അറിയിപ്പ് . രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും രാത്രി 8 മുതൽ അർദ്ധരാത്രി വരെയും പണം അടയ്ക്കണം. വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിംഗ് സൗജന്യമായിരിക്കും.