രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ഏറ്റവും പ്രധാനപ്പെട്ട പാതയായ രാജ്പഥ് ഇനി കർത്തവ്യ പഥ് എന്ന് അറിയപ്പെടും .ഇന്ന് വൈകുന്നേരം 7 മണിക്ക് മോടി പിടിപ്പിച്ച പാതയുടെ ഉദ്ഘടനവും നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ പ്രതിമാ അനാച്ഛാദനവും പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.
ബ്രിട്ടിഷ് ഭരണകാലത്ത് ‘കിങ്സ് വേ’ എന്ന് അറിയപ്പെട്ടിരുന്ന രാജ് പഥാണ് ഇന്നുമുതൽ കർത്തവ്യ പഥായി മാറുന്നത്. സ്വാതന്ത്ര്യത്തിനുശേഷം കിങ്സ് വേയുടെ ഹിന്ദി വാക്കായ രാജ്പഥ് എന്ന് മാറിയെങ്കിലും പേരിലെ ബ്രിട്ടിഷ് സ്വാധീനം ഒഴിവാക്കുന്നതിനാണ് ‘കർത്തവ്യപഥ്’ എന്നാക്കി മാറ്റിയത്.13,500 കോടി രൂപയുടെ സെൻട്രൽ വിസ്റ്റ വികസന പദ്ധതികളുടെ ഭാഗമായാണ് 608 കോടി രൂപ ചിലവഴിച്ച ഇന്ത്യ ഗേറ്റ്, വിജയ് ചൗക്ക് പ്രദേശങ്ങൾ മോടിപിടിപ്പിക്കാനുള്ള പദ്ധതി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തുടങ്ങിയത്.
ഇരുവശവുമുള്ള കനാലുകളെ നടപ്പാതയുമായി ബന്ധിപ്പിച്ച് പാലങ്ങളും മനോഹരമായ പുൽമൈതാനവുമെല്ലാം ഒരുക്കിയിട്ടുണ്ട്. പുൽമൈതാനങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രത്യേക സംവിധാനം തയാറാണ്. ഇരുവശങ്ങളിലും രണ്ട് കനാലുകൾക്ക് മുകളിലായി 16 പാലങ്ങൾ ഉണ്ട് . സന്ധ്യയായാൽ ദീപാലാങ്കരങ്ങളാണ് മാറ്റുകൂട്ടുന്നത്.ഇന്ത്യാഗേറ്റിന് മുന്നിൽ 28 അടി ഉയരമുള്ള നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ പൂർണകായ പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.