റിയാദ്: കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ സൗദി ജയിലിൽ നിന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നിർണായക ഘട്ടത്തിൽ. മോചനത്തിനായുള്ള അനുരജ്ഞന കരാറിൽ കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങൾ ഒപ്പിട്ടു. ഇതോടെ റഹീമിൻ്റെ മോചനത്തിനായുള്ള ശ്രമങ്ങൾ വേഗത്തിലാക്കും.
ദയാധനമായ ഒന്നരക്കോടി റിയാലിൻ്റെ ചെക്ക് റഹീമിനായി സൗദ്ദി ഗവർണറേറ്റിന് കൈമാറിയതോടെയാണ് മരണപ്പെട്ട അനസിൻ്റെ അനന്തരാവകാശികൾ അനുരഞ്ജന കരാറിൽ ഒപ്പിട്ടത്. അനസിൻ്റെ കുടുംബാംഗങ്ങളും റഹീം സഹായ സമിതി അംഗങ്ങളും ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥരെ സാക്ഷിയാക്കിയാണ് കരാറിൽ ഒപ്പിട്ടത്.
അനുരഞ്ജന കരാറിൽ ഒപ്പിട്ട് കഴിഞ്ഞതിനാൽ ഇനി കോടതി നിർദേശം അനുസരിച്ച് ഒറിജിനൽ ചെക്ക് ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റിലോ കോടതിയിലോ സമർപ്പിക്കും. ഇതോടെ രേഖാമൂലമുള്ള നടപടിക്രമങ്ങൾ പൂർത്തിയാവും. ദയാധനം വാങ്ങിയുള്ള ഒത്തുതീർപ്പിന് കോടതി അംഗീകാരം നൽകി വധശിക്ഷ ആദ്യം റദ്ദാക്കും. തുടർന്നാണ് റഹീമിനെ ജയിൽ മോചിതനാക്കാനുള്ള ഉത്തരവ് ഇറങ്ങേണ്ടത്.