കാൽ നൂറ്റാണ്ട് മുൻപ് കൊച്ചു കേരളത്തിലെ കൊച്ചിയെന്ന നഗരം സന്ദർശിക്കാനെത്തിയ ബ്രിട്ടണിലെ രാജ്ഞി. 1997 ഒക്ടോബർ 17നായിരുന്നു ആ സന്ദർശനം. അന്ന് രാജ്ഞിയുടെ ഹൃദയത്തിലേക്ക് കയറിയ കേരള രുചികളുണ്ട്. കൊച്ചി താജ് മലബാർ ഹോട്ടലിലെ ഉച്ചഭക്ഷണവും കേരളീയ വിഭവങ്ങളും രാജ്ഞിക്ക് വളരെ ഇഷ്ടമായി.
അന്ന് താജ് മലബാറിൽ നിന്ന് കഴിച്ച തക്കാളിക്കറിയും മോപ്ല സ്റ്റൈൽ ചിക്കനും എലിസബത്ത് രാജ്ഞിയുടെ പ്രിയപ്പെട്ടവയായിരുന്നു. ഇത്രയും രുചിയുള്ള ഭക്ഷണം മുൻപ് കഴിച്ചിട്ടേയില്ലെന്ന് അന്ന് രാജ്ഞി ഭക്ഷണത്തെ പ്രശംസിക്കുകയും ചെയ്തു. അന്ന് കേരള ഗവർണറായിരുന്ന സുഖ്ദേവ് സിംഗ് കാംഗ് കേരള നൃത്തരൂപമായ മോഹിനിയാട്ടം രാജ്ഞിക്ക് പരിചയപ്പെടുത്തി.
എലിസബത്ത് രാജ്ഞി കേരളത്തിലെത്തിയത് തൻ്റെ മൂന്നാം ഇന്ത്യാ സന്ദർശന വേളയിലായിരുന്നു.ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്പ്യൻ പള്ളിയായ സെൻ്റ് ഫ്രാൻസിസ് പള്ളി സന്ദർശനമായിരുന്നു പ്രധാന ലക്ഷ്യം. 1961, 1983, 1997 വർഷങ്ങളിലാണ് രാജ്ഞി ഇന്ത്യ സന്ദർശനം നടത്തിയിട്ടുള്ളത്. 1997 ഒക്ടോബറിൽ രാജ്ഞി കൊച്ചിയിലെ പരദേശി സിനഗോഗിലെത്തി. സിനഗോഗ് വാർഡൻ സാമി ഹാലെഗ്വയും ഭാര്യ ക്വീനി ഹാലെഗ്വയും ചേർന്ന് അന്ന് രാജ്ഞിയെ സ്വീകരിച്ചു. റാപ്പിഡ് ആക്ഷൻ ഫോഴ്സും കേരള ആംഡ് പൊലീസും ചേർന്നായിരുന്നു അന്ന് രാജ്ഞിക്ക് വഴിമധ്യേ അതീവസുരക്ഷയൊരുക്കിയത്.രാജ്ഞി കൊച്ചി നഗരത്തിൽ എത്തുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തൊട്ടേ ആളുകൾ കൂട്ടംകൂടുന്നതിന് വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഫിലിപ്പ് രാജകുമാരനും അന്ന് രാജ്ഞിയെ അനുഗമിച്ചിരുന്നു. ഇരുവരും സെൻ്റ് ഫ്രാൻസിസ് പള്ളിയിലെ വാസ്കോഡ ഗാമയുടെ ശവകുടീരവും സന്ദർശിച്ചിരുന്നു
നൂറ്റാണ്ടുകൾ പഴക്കമുള്ള മട്ടാഞ്ചേരിയിലെ യഹൂദരുടെ സ്ഥലത്തെപ്പറ്റി വളരെയധികം കേട്ടതിനാലാണ് ഇന്ത്യാ സന്ദർശനത്തിനിടെ അവർ കൊച്ചിയിലെത്തിയതെന്ന് അന്നത്തെ ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി.കർശന സുരക്ഷ കാരണം അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും ഭാര്യയും ഉൾപ്പെടെ ഒമ്പത് പേർക്ക് മാത്രമാണ് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്താൻ അന്ന് അവസരം ലഭിച്ചത്.