സ്കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയിൽ ജീവൻ പൊലിഞ്ഞ മലയാളി ബാലികയുടെ വീട് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി ബുഥൈയ്ന ബിന്ത് അലി അല്‍ നുഐമി സന്ദർശിച്ചു. മരിച്ച മിന്‍സ മറിയത്തിന്റെ പിതാവ് അഭിലാഷിനേയും മാതാവ് സൗമ്യയേയും ആശ്വസിപ്പികൊണ്ട് അവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പ് നൽകുകയും ചെയ്തു. സ്വകാര്യ സ്കൂൾ ലൈസന്‍സിംഗ് വകുപ്പിലെ ഓഫീസ് ഉദ്യോഗസ്ഥരും കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സ്വദേശി പൗരന്മാരും കുടുംബത്തിന് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തി.
സംഭവത്തിൻ്റെ പേരിൽ വിദ്യാഭ്യാസ മന്ത്രാലയവും പൊതുജനാരോഗ്യമന്ത്രാലയവും ഉത്തരവിട്ട അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം അപകടം ആവര്‍ത്തിക്കാതിരിക്കാനും സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികൾ ശക്തമാക്കുമെന്ന് വിദ്യാഭ്യാസ വിഭാഗം ഉറപ്പ് നൽകിയിട്ടുണ്ട്.
ഞായറാഴ്ചയാണ് ബസ്സിനുളളില്‍ ഉറങ്ങിപ്പോയ നാല് വയസ്സുകാരിയായ മിന്‍സയെ മരിച്ച നിലയിൽ കണ്ടെത്തിയത് . മെഡിക്കല്‍ ഫലം ലഭിക്കുന്നതിന് അനുസരിച്ചായിരിക്കും തുടര്‍ നടപടികൾ സ്വീകരിക്കുക എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.