ദോഹ: പണമിടപാടുകൾ അതിവേഗത്തിൽ നടത്താൻ ഖത്തർ മൊബൈൽ പേയ്മെന്റ് അവതരിപ്പിച്ച് ഖത്തർ സെൻട്രൽ ബാങ്ക്. വിവിധ ബാങ്കുകളെ തമ്മിൽ ഏകീകരിച്ച് സ്മാർട്ട് ഫോൺ വഴി ഉപഭോക്താക്കൾക്ക് ഡിജിറ്റൽ പണമിടപാട് നടത്താവുന്നതാണ്.
ബാങ്ക് അക്കൗണ്ടും രജിസ്റ്റേർഡ് മൊബൈൽ നമ്പറും തമ്മിൽ ബന്ധിപ്പിച്ചാണ് ആപ്പ് പ്രവർത്തിക്കുക. സ്വദേശികൾക്കും പ്രവാസികൾക്കും ക്യൂ എം പി വാലറ്റ് ഉപയോഗിച്ച് ഷോപ്പിംഗും ബാങ്ക് ഇടപാടുകളും സാധ്യമാകും. ഇതോടെ കാർഡ്, കാഷ് എന്നീ സംവിധാനങ്ങളില്ലാതെ തന്നെ ഇടപാടുകൾ നടത്താനാകും.
അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാൻ സാധിക്കാത്തവർക്കും ഡിജിറ്റൽ വാലറ്റ് തയ്യാറാക്കാൻ സാധിക്കും. അക്കൗണ്ടുള്ള ബാങ്കുകൾ നൽകുന്ന ആപ്പ് വഴിയാണ് വാലറ്റ് രജിസ്റ്റർ ചെയ്യേണ്ടത്. തുടർന്ന് വാലറ്റിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത ശേഷം അതിവേഗത്തിൽ തന്നെ ഇടപാട് നടത്താനാകും.
ക്യൂ.ഐ.ഐ.ബി, ദോഹ ബാങ്ക്, ക്യൂ.എൻ.ബി, അഹ്ലി ബാങ്ക്, എച്ച്.എസ്.ബി.സി, ദുഖാൻ ബാങ്ക്, ക്യൂ.ഐ.ബി,കമേഴ്സ്യൽ ബാങ്ക്, മസ്റഫ് അൽ റയാൻ, അറബ് ബാങ്ക് എന്നീ ബാങ്കുകളിൽ ഐ പേ ഇ വാലറ്റ് വഴി രജിസ്റ്റർ ചെയ്ത് പേയ്മെന്റ് നടത്താം.