കോവിഡിന്റെ ഭാഗമായി ഖത്തറിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ മാറ്റം. ഇനി മുതൽ ആശുപത്രികളിൽ പ്രവേശിക്കുമ്പോൾ മാത്രം മാസ്ക് ധരിച്ചാൽ മതി. ഏർപ്പെടുത്തിയിരുന്ന മറ്റ് മുഴുവൻ നിയന്ത്രണങ്ങളും ഒഴിവാക്കാനാണ് മന്ത്രിസഭാ തീരുമാനം.
ലോകകപ്പിന് മുന്നോടിയായി രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം ആരോഗ്യ കേന്ദ്രങ്ങൾ ഒഴികെ എല്ലായിടത്തും പ്രവേശിക്കുന്നതിന് ഇഹ്തിറാസ് ഒഴിവാക്കുകയും ചെയ്തു. എന്നാലിപ്പോൾ ആശുപത്രിയിൽ പ്രവേശിക്കുന്നവരും ആശുപത്രി ജീവനക്കാരും മാത്രം മാസ്ക് ധരിച്ചാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 26 നാണ് മന്ത്രിസഭ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇത് പുനഃപരിശോധന ചെയ്തതിന് ശേഷമാണ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കാൻ പുതിയ മന്ത്രിസഭ തീരുമാനിച്ചത്. അതേസമയം ഉപഭോക്താക്കളുമായി ഇടപെടുന്ന ജീവനക്കാർ മാസ്ക് അണിയണമെന്ന നിർദേശം നേരത്തേ തന്നെ നിലവിലുണ്ടായിരുന്നു. ഇത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഇപ്പോൾ പൂർണമായും പിൻവലിച്ചത്.