ദീർഘകാലമായി നിലനിൽക്കുന്ന ഭിന്നത അവസാനിപ്പിച്ച് നയതന്ത്ര നബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായതായി ഖത്തറും ബഹ്റൈനും പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ ഗൾഫ് സഹകരണ കൗൺസിൽ ആസ്ഥാനത്ത് നടന്ന ചർച്ചയിലാണ് അനുരഞ്ജനത്തിന് ധാരണയായതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ തത്വങ്ങൾക്കനുസൃതമായി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും അറബ് രാജ്യങ്ങളുടെ ഐക്യം വർദ്ധിപ്പിക്കാനും ഇരുരാജ്യങ്ങളും ചേർന്നു പ്രവർത്തിക്കുമെന്നും പ്രസ്താവനയിലുണ്ട്.
ബഹ്റൈൻ വിദേശകാര്യ മന്ത്രാലയവും സമാനമായ പ്രസ്താവന പുറത്തിറക്കിയതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മേഖലയിലെ തീവ്രവാദ സംഘടനകളെ ഖത്തർ പിന്തുണയ്ക്കുന്നുവെന്നും ഇറാനുമായി കൂടുതൽ അടുക്കുന്നുവെന്നും ആരോപിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ 2017ൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഖത്തർ വിമാനങ്ങളും കപ്പലുകളും തങ്ങളുടെ വ്യോമാതിർത്തിയും ജലപാതയും ഉപയോഗിക്കുന്നതും ഈ നാല് രാജ്യങ്ങളും വിലക്കിയിരുന്നു.
2021 ജനുവരിയിലെ അനുരഞ്ജന ഉടമ്പടിക്ക് പിന്നാലെ സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധം പുനസ്ഥാപിച്ചിരുന്നു. രണ്ട് വർഷം വൈകിയാണ് ഇപ്പോൾ ബഹ്റൈനും ഖത്തറുമായി അനുനയത്തിലെത്തിയത്. ബദ്ധവൈരികളായ സൗദി അറേബ്യയും ഇറാനും ഏഴ് വർഷത്തിന് ശേഷം നയതന്ത്രബന്ധം പുനസ്ഥാപിക്കാൻ ഈയിടെ ധാരണയായിരുന്നു. സിറിയയുമായും സൗദി നയതന്ത്രബന്ധം പുനസ്ഥാപിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.