ചാരവൃത്തി ആരോപിച്ച് ഇന്ത്യന്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധിച്ച സംഭവത്തില്‍ ഇന്ത്യയുടെ അപ്പീല്‍ അംഗീകരിച്ച് ഖത്തര്‍ കോടതി. വധശിക്ഷയ്ക്കെതിരായ അപ്പീല്‍ പരിശോധിച്ച ശേഷം വാദം കേള്‍ക്കാനുള്ള തീയതി ഖത്തര്‍ കോടതി അറിയിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
2022 ഓഗസ്റ്റിലാണ് ചാരപ്രവര്‍ത്തനം ആരോപിച്ച് എട്ട് ഇന്ത്യന്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഇവര്‍ക്കെതിരെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.
ഇവരുടെ ജാമ്യാപേക്ഷ നേരത്തെ ഖത്തര്‍ കോടതി പലതവണ തള്ളുകയും തടവ് നീട്ടുകയും ചെയ്തിരുന്നു. ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, നാവികന് രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് അറസ്റ്റിലായ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍.
ഇസ്രയേലിന് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്നതാണ് ഖത്തര്‍ ഇവര്‍ക്കുമേല്‍ ചുമത്തിയ കുറ്റമെന്ന് ദ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ഇവര്‍ക്കെതിരായ വിധി ഖത്തര്‍ അധികൃതര്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല.