കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷന് ട്രയല്‍സ് തടഞ്ഞ് പിവി ശ്രീനിജന് എംഎല്‍എ. സ്പോര്‍ട്സ് കൗണ്‍സിലിന് വാടക കുടിശ്ശിക നല്കാന് ബാക്കിയുണ്ടെന്ന് കാണിച്ചാണ് എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷന്‍ കൂടിയായ ശ്രീനിജന് സെലക്ഷന് ട്രയല്‍സ് തടഞ്ഞത്.
അണ്ടര്‍ 17 സെലക്ഷന് ട്രയല്‍ ആണ് എം.എല്‍.എ തടഞ്ഞത്. ട്രയല്‍ നടക്കുന്ന കൊച്ചി പനമ്പള്ളി നഗറിലെ സ്കൂളിന്റെ ഗേറ്റ് എംഎല്‍എ അടച്ച് പൂട്ടുകയായിരുന്നു. നിരവധി കുട്ടികള്‍ സെലക്ഷന് ട്രയല്‍സിനായി എത്തിയിരുന്നു. പുലര്‍ച്ചെ തൊട്ട് എത്തിയ കുട്ടികള്‍ ഇവരെ കാത്തിരിക്കുകയായിരുന്നു. കാസര്‍ഗോഡ് നിന്നടക്കം എറണാകുളത്ത് എത്തിയ കുട്ടികളാണ് ഗേറ്റ് തുറക്കാനായി കാത്തിരുന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ ഇവര്‍ക്ക് ഗേറ്റ് തുറന്നു കൊടുക്കുകയായിരുന്നു.
ബ്ലാസ്റ്റേഴ്സ് ടീം വാടക കുടിശ്ശികയിനത്തില്‍ എട്ട് ലക്ഷത്തോളം രൂപ നല്‍കാനുണ്ടെന്ന് കാണിച്ചാണ് സ്കൂള്‍ ഗേറ്റ് പൂട്ടിയതെന്ന് പിവി ശ്രീനിജന് വിശദീകരിച്ചു.
മുന്‍ കാലങ്ങളിലും സമാനസാഹചര്യം ഉണ്ടായപ്പോള്‍ ഗേറ്റ് തുറന്നുകൊടുത്തിരുന്നു. അനുമതി തേടി ടീം കത്ത് നല്‍കാത്തതിലുള്ള ആശയക്കുഴപ്പത്തിന്റെ പുറത്താണ് ഇങ്ങനെ സംഭവിച്ചതെന്നും ശ്രീനിജന് എംഎല്‍എ പറഞ്ഞു. എട്ട് മാസത്തെ മുഴുവന്‍ കുടിശ്ശിക തുകയായി എട്ട്ലക്ഷത്തോളം രൂപ തരാനുണ്ടെന്നും ഇത് ചൂണ്ടിക്കാണിച്ച് പല തവണ കത്ത് നല്‍കിയിട്ടുണ്ടെന്നും ശ്രീനിജന് പറഞ്ഞു.
അതേസമയം ശ്രീനിജന്റെ നടപടിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഏതെങ്കിലും തരത്തിലുള്ള അധികാര പ്രശ്നം ബ്ലാസ്റ്റേഴ്സുമായി എംഎല്‍എയ്ക്ക് ഉണ്ടെങ്കില്‍ അത് തീര്‍ക്കേണ്ടത് ഇങ്ങനെയല്ലെന്നാണ് ഉയരുന്ന പ്രതിഷേധം. സംഭവത്തില്‍ വിമര്‍ശനവുമായി ഹൈബി ഈഡന് എം.പിയും രംഗത്തെത്തി.