യുക്രൈൻ – റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചയ്ക്കു തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. യുക്രൈൻ സമ്മതിക്കുകയാണെങ്കിൽ ലോകരാജ്യങ്ങളുടെ മധ്യസ്ഥതയ്ക്കു സമ്മതമാണെന്ന് പുടിൻ പറഞ്ഞു. സമാധാനപരമായ ചർച്ചകൾക്കായി ഇന്ത്യയും ചൈനയും പിന്തുണച്ചിരുന്നു. എന്നാൽ യുക്രൈൻ ഇതുവരെ ഇതിന് സന്നദ്ധമായിട്ടില്ലെന്ന് പുടിൻ ആരോപിച്ചു.
എട്ട് മാസത്തോളമായി യുദ്ധം നീണ്ടുനിൽക്കുകയാണ്. ഇതിനിടയിൽ ആദ്യമായാണ് പുടിൻ നിലപാട് മയപ്പെടുത്തുന്നത്. ഇന്ത്യയുൾപ്പെടെ 27 ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സിഐസിഎ ഉച്ചകോടി കസഖ്സ്ഥാൻ തലസ്ഥാനമായ അസ്താനയിൽ നടന്നിരുന്നു. ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പുടിന്റെ പ്രതികരണം.
യുഎസും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെട്ട സൈനികസഖ്യമായ നാറ്റോ, റഷ്യയുമായി ഏറ്റുമുട്ടിയാൽ അത് ആഗോള ദുരന്തത്തിനു വഴിയൊരുക്കുമെന്നു പുടിൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതേസമയം, റഷ്യയുടെ യുക്രൈൻ നടപടിയിൽ ഖേദിക്കേണ്ട ആവശ്യമില്ലെന്നും യുക്രെയ്നെ ഉന്മൂലനം ചെയ്യുകയല്ല റഷ്യയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.