പതിവിലും കനത്ത മഞ്ഞുവീഴ്ചയും മഴയും സൗദി മരുഭൂമിയിൽ പൂക്കൾ വിരിയിച്ചിരിക്കുന്നു. വടക്കൻ സൗദി അറേബ്യയിലെ മണലിൽ പർപ്പിൾ പൂക്കളാണ് അറേബ്യൻ പെനിൻസുലയിൽ നിന്നുള്ള കാഴ്ചക്കാർക്ക് വിരുന്നൊരുക്കി പരവതാനി വിരിച്ചിരിക്കുന്നത് . മങ്ങിയ ഭൂപ്രകൃതിയിലെ അപൂർവ വർണ്ണവിസ്ഫോടനം കാണാൻ നിരവധിയാളുകളാണ് വരുന്നത്.
ഈ കാഴ്ച സൗദി അറേബ്യയിലാണെന്ന് ആരും പ്രതീക്ഷിക്കുന്നില്ലെന്ന് ഒരു കാഴ്ചക്കാരൻ സാക്ഷ്യപ്പെടുത്തുന്നു. ഇറാഖി അതിർത്തിയോട് ചേർന്ന് റഫയ്ക്ക് ചുറ്റുമുള്ള മരുഭൂമിയിലാണ് കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പർപ്പിൾ സമുദ്രം.
പൂക്കളുടെ ഗന്ധവും കാഴ്ചയും ആത്മാവിനെ നവീകരിക്കുന്നതായും അറബിയിൽ വൈൽഡ് ലാവെൻഡർ എന്നറിയപ്പെടുന്ന സസ്യങ്ങളെക്കുറിച്ച് കാണുന്നവർ പറയുന്നു. കഴിഞ്ഞ വർഷം അവസാനം പടിഞ്ഞാറൻ സൗദി അറേബ്യയുടെ ചില ഭാഗങ്ങളിൽ ശീതകാല മഴ മാരകമായ വെള്ളപ്പൊക്കമുണ്ടാക്കിയിരുന്നു. എന്നാൽ വടക്കൻ പ്രദേശങ്ങളിൽ അവ മരുഭൂമിയിൽ ജീവൻ കൊണ്ടുവരികയാണുണ്ടായത്.
വർണവസന്തം വർഷത്തിൽ 15 മുതൽ 20 ദിവസം വരെ നീണ്ടുനിൽക്കുമെന്ന് ദൂരെനിന്ന് ആസ്വദിക്കാനെത്തിയവർ പറയുന്നു. ഈ അന്തരീക്ഷം തനിക്ക് ആശ്വാസം നൽകുന്നതായി മരുഭൂമിയിൽ ടെൻ്റുകളിടുകയും ഭക്ഷണം പാകം ചെയ്യുകയും ചെയ്തുകൊണ്ട് സന്ദർശകർ പറയുന്നു. കാഴ്ചക്കാരെ ആകർഷിക്കുന്ന പൂക്കൾ ഭക്ഷിക്കാതിരിക്കാൻ പ്രദേശവാസികൾ ഒട്ടകങ്ങളെ മാറ്റിയിരിക്കുകയാണ്. തങ്ങൾ പറുദീസയിലാണെന്ന് ഓരോ സന്ദർശകരും പങ്കുവെക്കുന്നു.