ദില്ലി: പഹൽഗാം ആക്രമണത്തിനെതിരെ നേപ്പാളിൽ പ്രതിഷേധം. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ പാകിസ്ഥാൻ എംബസിക്ക് മുന്നിലാണ് പ്രതിഷേധമുണ്ടായത്. പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട 27 പേരിൽ ഒരാൾ നേപ്പാൾ സ്വദേശിയായിരുന്നു. ഹിന്ദു വിരുദ്ധ പരാമർശനം നടത്തിയെന്ന് ആരോപിച്ച് പാകിസ്ഥാൻ സൈനിക മേധാവി അസീം മുനിറീനെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു.
അതേസമയം അക്രമത്തിൻ്റേതായി പുറത്തു വന്ന ദൃശ്യങ്ങളിലുള്ള സിപ്പ് ലൈൻ ഓപ്പറേറ്റർ മുസാമ്മിലിനെ എൻഐഎ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതായാണ് വിവരം. സിപ് ലൈൻ ഓപ്പറേറ്ററായ ഇയാൾ ഭീകരർ വെടിവയ്ക്കാൻ ആരംഭിച്ചപ്പോൾ പ്രാർത്ഥനാ വചനങ്ങൾ ചൊല്ലുന്നതിൻ്റെ വീഡിയോ പുറത്തു വന്നിരുന്നു. ഇതു വലിയ രീതിയിലുള്ള ചർച്ചകൾക്കും സംശയങ്ങൾക്കും വഴി തുറന്നതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഇയാളെ ചോദ്യം ചെയ്യുന്നത്.
പഹൽ ഗാം ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തത് മൂന്ന് ഭീകരരാണെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ നാലമാതൊരു ഭീകരൻ കൂടി അക്രമിസംഘത്തിലുണ്ടായിരുന്നുവെന്നനും ഇയാൾ സമീപത്തെ വനത്തിൽ ഒളിച്ചിരുന്ന് ഭീകരർക്ക് വേണ്ട സഹായം നൽകുകയായിരുന്നുവെന്നുമാണ് അന്വേഷണം സംഘം പറയുന്നത്. അക്രമികളുടെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും ഇതിനോടകം എൻഐഎ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. അക്രമികളിൽ രണ്ട് പേർ പെഹൽഗാമിലേക്ക് എത്തിയ പ്രധാന ഗേറ്റിലൂടെയാണെന്നും ഒരാൾ പുറത്തെ ഗേറ്റിലൂടെയാണെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്..
മരണപ്പെട്ട 27 പേരിൽ 25 പേരുടേയും ബന്ധുക്കളെ കണ്ട് എൻഐഎ സംഘം ഇതിനോടകം മൊഴി രേഖപ്പെടുത്തി കഴിഞ്ഞു. ഇതു കൂടാതെ പഹൽഗാമിലെ കുതിരസവാരിക്കാർ, ചായക്കടക്കാർ, മറ്റു ദൃക്സാക്ഷികൾ എന്നിവരിൽ നിന്നും മൊഴിയെടുത്തു. അക്രമിസംഘത്തിലുണ്ടായിരുന്ന ആദിൽ തോക്കർ സൌത്ത് കശ്മീരിലുണ്ടെന്നാണ് ഇൻ്റലിജൻസ് ഏജൻസികൾ നൽകുന്ന വിവരം. ഇയാൾക്ക് ഒളിവിൽ കഴിയാൻ പ്രാദേശിക സഹായം കിട്ടുന്നുണ്ടെന്നാണ് സൂചന.
അതേമയം കശ്മീരിൽ പലയിടത്തായി തീവ്രവാദികളെ സുരക്ഷാസേനകൾ വളഞ്ഞതായാണ് വിവരം. എന്നാൽ ഈ സൈനിക ഓപ്പറേഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തു വിട്ടിട്ടില്ല. അതിനിടെഇന്ത്യയ്ക്കെതിരെ നിരന്തരം വിദ്വേഷ പരാമർശം നടത്തുന്ന പാകിസ്ഥാൻ പ്രതിരോധ മന്ത്രി ക്വാജ ആസിഫിൻ്റെ എക്സ് അക്കൌണ്ട് ഇന്ത്യയിൽ നിരോധിച്ചു.