2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഒരു വനിതാ പ്രധാനമന്ത്രി ഉണ്ടാകുമെന്ന് കര്‍ണാടകയിലെ ജ്യോതിഷിയുടെ പ്രവചനം. തുമക്കൂരു തിപ്തൂര്‍ നൊനാവിനാകെരെ ശനി ക്ഷേത്രത്തിലെ ഡോ. യശ്വന്ത് ഗുരുജിയുടേതാണ് പ്രവചനം.
ജ്യോതിഷിയുടെ പ്രവചനം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നേരത്തെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയവും ജ്യോതിഷി പ്രവചിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടാവില്ലെന്നും രാജ്യത്ത് കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നുമാണ് യശ്വന്തിന്റെ പ്രവചനം. നക്ഷത്രങ്ങളുടെ സ്ഥാനങ്ങളിലുണ്ടാകുന്ന മാറ്റം കാരണമാണ് രാജ്യത്ത് അധികാര മാറ്റം സംഭവിക്കുക, 2024 ഫെബ്രുവരിയിലെ ശിവരാത്രി മഹോത്സവത്തിന് ശേഷം രാജ്യത്ത് നേതൃ മാറ്റം ഉണ്ടാവും. എന്നാല്‍ ഇതിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തിയാല്‍ മോദിക്ക് ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്നും യശ്വന്ത് പറഞ്ഞു.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, എഐസിസി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി എന്നിവരില്‍ ആരാകും പ്രധാനമന്ത്രിയാകുക എന്ന ചോദ്യത്തിന് ഫെബ്രുവരിക്ക് ശേഷം പ്രവചിക്കുമെന്നാണ് പറഞ്ഞത്.