തിരുവനന്തപുരം: നിരവധി ക്ലാസ്സിക്ക് മലയാളം സിനിമകളുടെ നിർമ്മാതാവായിരുന്ന ഗാന്ധിമതി ബാലൻ അന്തരിച്ചു. 66 വയസ്സായിരുന്നു. രോഗബാധിതനായി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു മരണം. പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ ബാലൻ കഴിഞ്ഞ 40 വർഷമായി തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. ചലച്ചിത്ര അക്കാദമിയുടെ മുൻ വൈസ് ചെയർമാനായിരുന്നു.
1982-ൽ പുറത്തിറങ്ങിയ ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെയാണ് ബാലൻ ചലച്ചിത്ര നിർമ്മാണരംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് പഞ്ചവടിപാലം (1984), പത്താമുദയം (1985), സുഖമോ ദേവി (1986), നൊമ്പരത്തിപ്പൂവ് (1987),മൂന്നാം പക്കം (1988), ഈ തണ്ണുത്ത വെളുപ്പാൻ കാലത്ത് (1990), തൂവാനത്തുമ്പികൾ, അരം പ്ലസ് അരം കിന്നരം, മാളൂട്ടി, തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമ്മാണവും വിതരണവും നിർവഹിച്ചത് ബാലൻ്റെ ഉടമസ്ഥതയിലുള്ള ഗാന്ധിമതി ഫിലിംസായിരുന്നു. സ്ഫടികം, കിലുക്കം തുടങ്ങി നിരവധി സിനിമകളുടെ നിർമ്മാണമേൽനോട്ടവും ബാലൻ വഹിച്ചു. ഒരുകാലത്ത് മമ്മൂട്ടിയേയും മോഹൻലാലിനേയും നായകനാക്കി ഏറ്റവും കൂടുതൽ സിനിമകൾ നിർമ്മിച്ചത് ബാലനായിരുന്നു. ഏറ്റവും കൂടുതൽ പദ്മരാജൻ സിനിമകൾ നിർമ്മിച്ച നിർമ്മാതാവ് എന്ന വിശേഷണവും ബാലന് സ്വന്തം.
മൂന്ന് വർഷം മുൻപ് ആലിബൈ എന്ന പേരിൽ സൈബർ ഫോറെൻസിക് സ്റ്റാർട്ട്അപ്പ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനം ആയി വളർത്തി. ഇവന്റ്സ് ഗാന്ധിമതി എന്ന ഇവന്റ്മാനേജ്മെന്റ് കമ്പനി ഉടമ കൂടിയായ ഗാന്ധിമതി ബാലൻ നാഷനൽ ഗെയിംസ് അടക്കം നിരവധി വലിയ പരിപാടികൾ സംഘടിപ്പിച്ച ഒരു മികച്ച സംഘാടകൻ ആയിരുന്നു.
മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ രൂപീകരണത്തിൽ ബാലൻ നിർണായക പങ്കുവഹിച്ചിരുന്നു. തിരുവനന്തപുരം നഗരത്തിലെ ധന്യ, രമ്യ തീയേറ്ററുകൾ ബാലൻ്റെയാണ് പദ്മരാജൻ്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് ബാലൻ സിനിമ നിർമ്മാണരംഗത്ത് നിന്നും പിന്മാറുകയായിരുന്നു. സിനിമയ്ക്ക് പുറത്തും സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവസാന്നിധ്യമായിരുന്നു ബാലൻ. പ്ലാന്റേഷൻ, റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും സജീവമായിരുന്നു. വാണിജ്യവിജയത്തിനപ്പുറം കലാമൂല്യമുള്ള ചിത്രങ്ങൾ നിർമിക്കുന്നതായിരുന്നു ബാലൻ്റെ രീതി.
അനിതയാണ് ബാലൻ്റെ ഭാര്യ. മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്ടർ -ആലിബൈ സൈബർ ഫോറെൻസിക്സ്), അനന്ത പത്മനാഭൻ (മാനേജിങ് പാർട്ണർ – മെഡ്റൈഡ്, ഡയറക്ടർ-ലോക മെഡി സിറ്റി) മരുമക്കൾ: കെ.എം.ശ്യാം (ഡയറക്ടർ – ആലിബൈ സൈബർ ഫോറെൻസിക്സ്, ഡയറക്ടർ- ഗാന്ധിമതി ട്രേഡിങ് & എക്സ്പോർട്സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).