ഷൂട്ടിംഗിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നടൻ പൃഥിരാജ് സിനിമാ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം എമ്പുരാൻ്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും.
ബോക്സ് ഓഫീസ് ഹിറ്റായ ‘ലൂസിഫർ’ സിനിമയുടെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ആണ് അടുത്ത മാസം ആരംഭിക്കുന്നത്. ചിത്രത്തിന് അനുയോജ്യമായ ലൊക്കേഷൻ കണ്ടെത്താൻ ഇന്ത്യയിൽ പലയിടത്തും വിവിധ വിദേശരാജ്യങ്ങളിലും പൃഥിരാജും സംഘവും സന്ദർശനം നടത്തിയിരുന്നു. ഓഗസ്റ്റിൽ എമ്പുരാൻ ഷൂട്ടിംഗ് തുടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് പൃഥിരാജിന് പരിക്കേറ്റത്.
വിലായത്ത് ബുദ്ധ കൂടാതെ ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിലും പൃഥിരാജ് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. പ്രശാന്ത് നീൽ – പ്രഭാസ് ടീമിൻ്റെ ബിഗ് ബജറ്റ് ചിത്രം സലാറിൽ പ്രധാന വില്ലനായി എത്തുന്നതും പൃഥിരാജാണ് ഈ ചിത്രത്തിലെ പൃഥിയുടെ ഭാഗങ്ങൾ ഇതിനോടകം ഷൂട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഹിന്ദി ചിത്രം ബഡേ മിയാൻ ഛോട്ടേ മിയാനിലും പൃഥിരാജ് അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടു ജീവിതം ഷൂട്ടിംഗ് പൂർത്തിയാക്കി നിലവിൽ പോസ്റ്റ് പ്രോഡക്ഷൻ വർക്കിലാണ്. ഈ സിനിമ ക്രിസ്മസ് റിലീസായി തീയേറ്ററുകളിൽ എത്താനാണ് സാധ്യത. അടുത്ത വർഷം വിഷുവിനാവും ഗുരുവായൂരമ്പല നടയിൽ റിലീസാവുക എന്നാണ് ഒടുവിൽ വരുന്ന വിവരം.
മറയൂരിൽ വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ജൂൺ 25-നാണ് പൃഥിരാജിന് പരിക്കേറ്റത്. കാലിൻ്റെ ലിഗ്മെൻ്റിനെ പരിക്കേറ്റതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പൃഥിരാജ് കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായി. കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം വിശ്രമത്തിലായിരുന്നു. അയ്യപ്പനും കോശിയും സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ബസിൽ നിന്ന് ഇറങ്ങുമ്പോഴാണ് താരത്തിന് പരിക്കേറ്റത്. ചിത്രീകരണം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയായിരുന്നു അപകടം. ചിത്രീകരിക്കാൻ ബാക്കിയുള്ള സീനുകളിലെല്ലാം പൃഥ്വിരാജ് ഭാഗമായതുകൊണ്ട് അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത ശേഷമേ ചിത്രീകരണം പുനരാരംഭിക്കുകയുള്ളു എന്ന് ജയൻ നമ്പ്യാർ നേരത്തെ പറഞ്ഞിരുന്നു.