ദുബായ്: സിവിൽ കേസിൽ കുടുങ്ങി ദുബായിൽ നരകിച്ച പ്രവാസിക്ക് തുണയായി ഇന്ത്യൻ കോൺസുലേറ്റ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേസുകളിൽ കുടുങ്ങിയതോടെയാണ് ബൽജിത് സിംഗിൻ്റെ ജീവിതം ദുരിതപൂർണമായത്. മാൽവ കിംഗ്സ് ടെക്നിക്കൽ സർവ്വീസസ് എന്ന പേരിൽ 2017-ൽ ദുബായിൽ സ്വന്തമായി സ്ഥാപനം തുടങ്ങിയ ആളാണ് ബൽജിത് സിംഗ്. എന്നാൽ 2020-ൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബിസിനസ് തകർന്നു. ബൽജിത് സിംഗിൻ്റെ പേരിലുള്ള ചെക്കുകൾ പലതും മടങ്ങിയതോടെ ഇടപാടുകൾ ഇദ്ദേഹത്തിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തു.
സാമ്പത്തിക പ്രതിസന്ധിയും കേസുകളും സൃഷ്ടിച്ച മാനസികപ്രയാസത്തിന് പിന്നാലെ ബൽജിത് സിംഗിന് 2023-ൽ ക്ഷയരോഗം സ്ഥിരീകരിച്ചു. ചികിത്സയ്ക്കിടെ അദ്ദേഹത്തിന് ഭാഗീകമായി കാഴ്ചശക്തിയും നഷ്ടമായി. ഇതിനിടെ ബൽജിത് സിംഗിൻ്റെ ദുരവസ്ഥ അറിഞ്ഞ ദുബായ് കോൺസുലേറ്റ് ജനറൽ വിഷയത്തിൽ ഇടപെടുകയും അദ്ദേഹത്തിന് താത്കാലികമായി അഭയം നൽകുകയും ചെയ്തു. എന്നാൽ 2020-ൽ വിസാ കാലാവധി അവസാനിച്ചതോടെ ബൽജിത് സിംഗിൻ്റെ അതിജീവനം കൂടുതൽ കഷ്ടത്തിലായി.
എങ്കിലും ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സിങ്ങിന് ഭക്ഷണത്തിനും താമസത്തിനും സാമ്പത്തിക സഹായം നൽകി. കോൺസുലേറ്റിൻ്റെ അഭ്യർത്ഥന പ്രകാരം ജസ്ബിർ ബാസി എന്ന പ്രവാസി വ്യവസായി ദുബായ്കോടതിയിൽ ആറ് ലക്ഷം രൂപ അടച്ച് നിയമനടപടികൾ തീർത്തു. കേസുകൾ തീർന്നതോടെ ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ മദാദ് വിഭാഗം ഇമിഗ്രേഷൻ ക്ലിയറൻസ് നേടിയെടുത്ത് സിംഗിന് ചണ്ഡീഗണ്ഡിലേക്ക് പോകാനുള്ള ടിക്കറ്റ് നൽകി. തുടർന്ന് ഒക്ടോബർ ആറിന് അദ്ദേഹം ഇന്ത്യയിലെത്തി.
ഇന്ത്യൻ കോൺസുലേറ്റിൻ്റെ പിന്തുണയൊന്ന് കൊണ്ട് മാത്രമാണ് തനിക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്താനായതെന്ന് ബൽജിത് സിംഗ് പറയുന്നു. തൻ്റെ യാത്രയ്ക്കായി സഹായിച്ച ജസ്ബിർ ബാസി അടക്കമുള്ള ഇന്ത്യൻ പ്രവാസികളോടും അദ്ദേഹം നന്ദി പറഞ്ഞു. യുഎഇയിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ സഹായത്തിന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് എല്ലാ സമയത്തും സജ്ജമാണെന്ന് കോൺസുൽ ജനറൽ അറിയിച്ചു. ഇന്ത്യൻ സർക്കാരും ഇന്ത്യൻ സമൂഹവും തങ്ങളുടെ പൗരന്മാർ വീട്ടിൽ നിന്ന് അകലെയാണെങ്കിലും അവരെ പിന്തുണയ്ക്കാൻ എപ്പോഴും ഒപ്പമുണ്ട് എന്നും അദ്ദേഹം ഓർമപ്പെടുത്തി.