ഈ വർഷത്തെ പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് നൽകുന്ന പുരസ്കാരം ഇക്കുറി 27 പേർക്കാണ്. പട്ടികയിൽ മലയാളികളുമുണ്ട്. വൈദ്യശാസ്ത്ര രംഗത്തെ മികവിന് ബ്രൂണയിൽ പ്രവർത്തിക്കുന്ന ഡോ. അലക്സാണ്ടർ മാളിയേക്കൽ ജോൺ, ഫെഡെക്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ രാജേഷ് സുബ്രഹ്മണ്യം, യുഎഇയിലെ വ്യവസായി സിദ്ധാർഥ് ബാലചന്ദ്രൻ എന്നിവരാണ് മലയാളികൾ.
ഈ മാസം 10ന് ഇൻഡോറിൽ പ്രവാസി ഭാരതീയ ദിവസ് ആഘോഷ സമാപനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ സമ്മാനിക്കും. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അധ്യക്ഷനായ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. കോട്ടയം കുമരകം മാളിയേക്കൽ കുടുംബാംഗമായ ഡോ. അലക്സാണ്ടർ (68) ബ്രൂണയ് സർക്കാർ ആരോഗ്യവകുപ്പിൽ സീനിയർ കൺസൽറ്റന്റാണ്. ബ്രൂണയ് സുൽത്താന്റെ ഡാറ്റോ സെറി ലൈലാ ജാസ (ഡിഎസ്എൽജെ) ബഹുമതി ലഭിച്ച ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം.
ലോകത്തിലെ വൻകിട കൊറിയർ – ലോജിസ്റ്റിക്സ് കമ്പനിയായ ഫെഡെക്സ് കോർപറേഷന്റെ പ്രസിഡൻ്റായ രാജ് സുബ്രഹ്മണ്യം (56) പാലക്കാട് ചാത്തപുരം സ്വദേശിയാണ്. കേരള മുൻ ഡിജിപി സി.സുബ്രഹ്മണ്യത്തിൻ്റെ മകനാണ്. ദുബായ് ആസ്ഥാനമായ ബ്യൂമെക് കോർപറേഷൻ ലിമിറ്റഡിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമാണ് കൊച്ചി സ്വദേശി സിദ്ധാർഥ് ബാലചന്ദ്രൻ (45).