സമാധാന സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ ബഹ്റൈനിലെത്തി. പ്രാദേശിക സമയം 4.45ന് വിമാനമിറങ്ങിയ മാർപാപ്പയെ ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസാ അൽ ഖലീഫ രാജാവ്മാർപാപ്പയെ സ്വീകരിച്ചു. കൂടാതെ രാജാവിന്റെ പ്രതിനിധികളും കത്തോലിക്കാ സഭയുടെ പ്രതിനിധികളും എത്തിയിരുന്നു. ആഗോള മതസമ്മേളനത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം ബഹ്റൈനിലെത്തിയത്.
ലോകമെമ്പാടുമുള്ള മതങ്ങളുടെ പ്രതിനിധികൾ രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ന് വൈകുന്നേരം അൽ അസറിലെ ഗ്രാൻഡ് ഇമാമുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും. ശേഷം ലേഡി ഓഫ് അറേബ്യയിൽ സർവമത സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.
മരുഭൂമിയിലെ വൃക്ഷം പോലെ ആഴത്തിൽ വേരോട്ടമുള്ള ജീവന്റെ വൃക്ഷമാകാൻ ലോകജനതയോട് മാർപാപ്പ ആഹ്വാനം ചെയ്തു. ചരിത്രത്തിലും പാരമ്പര്യത്തിലും പൈതൃകത്തിലും മുറുകെപ്പിടിക്കാൻ ഈ ആഴമുള്ള വേരുകൾ സഹായിക്കും. അതേസമയം എല്ലാ യുദ്ധവും നാശത്തിൽ മാത്രമേ കലാശിച്ചിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധങ്ങൾ സത്യത്തിന്റെ മരണത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് സാക്കിർ കൊട്ടരത്തിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ബഹ്റൈന്റെ സഹിഷ്ണുതയിലും സഹവർത്തിത്വത്തിലും അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകസമാധാനത്തിനു വേണ്ടിയുള്ള ചുവടുവയ്പാണ് ഈ സന്ദർശനം. ലോകം ഗ്രാമമായി ചുരുങ്ങുമ്പോൾ ഗ്രാമത്തിന്റേതായ സവിശേഷതകൾ കൂടി ആവശ്യമാണ്. പകയും സംശയവും തീവ്രവാദവും മനുഷ്യന്റെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും മാർപാപ്പ ചൂണ്ടിക്കാണിച്ചു. അതേസമയം മാർപാപ്പയെ ആദരണീയനായ അതിഥിയെന്നാണ് ബഹ്റൈൻ രാജാവ് വിശേഷിപ്പിച്ചത്. സന്ദർശനത്തെ ചരിത്രപരമെന്നു വിശേഷിപ്പിച്ച രാജാവ്, മാർപാപ്പ ബഹ്റൈൻ സന്ദർശിച്ചതിൽ അഭിമാനമുണ്ടെന്നും പറഞ്ഞു. സമാധാനം മാത്രമാണ് സുരക്ഷിതമായ ഭാവിയിലേക്കുള്ള ഒരേയൊരു വഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ യാത്രയ്ക്കിടെ കടുത്ത മുട്ടുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് മാർപാപ്പയുടെ സന്ദർശനം പൂർണമായും വീൽചെയറിലായിരുന്നു. മുസ്ലിം രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുകയാണ് 4 ദിവസത്തെ ബഹ്റൈൻ സന്ദർശനത്തിന്റെ ലക്ഷ്യം. അതേസമയം മതങ്ങളുടെ പരസ്പര സഹവർത്തിത്വത്തിലൂടെ മാത്രമേ ലോകത്തു ശാശ്വത സമാധാനവും വികസനവും സാധ്യമാകു എന്ന് ബഹ്റൈനിൽ നടക്കുന്ന ആഗോള മത സമ്മേളനം അഭിപ്രായപ്പെട്ടു. ബഹ്റൈനിലെ ഇസ്ലാമിക കാര്യങ്ങളുടെ സുപ്രീം കൗൺസിൽ ചെയർമാൻ ഷെയ്ഖ് അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഖലീഫ, യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, കോൺസ്റ്റന്റിനോപ്പിൾ ആർച്ച് ബിഷപ് ബർത്തൊലോമി ഒന്നാമൻ തുടങ്ങിയവർ പ്രസംഗിച്ചു.