അന്തരിച്ച കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് കൊണ്ട് ഫേസ്ബുക്ക് വീഡിയോ ചെയ്ത നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തേക്കും. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലാണ് വിനായകനെതിരെ പൊലീസ് കേസെടുക്കാൻ ഒരുങ്ങുന്നത്. ഡിജിപിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും യൂത്ത് കോൺഗ്രസ് നേതാക്കൾ പരാതി നൽകിയിട്ടുണ്ട്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കേസ് രജിസ്റ്റർ ചെയ്യാൻ എറണാകുളം നോർത്ത് പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി തീർത്തും അപ്രതീക്ഷിതമായാണ് വിനായകൻ ഫേസ്ബുക്കിൽ ലൈവിലെത്തി ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞത്.
ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’ – വിനായകൻ ലൈവിൽ ചോദിച്ചു.