നിയമന കോഴക്കേസില്‍ പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസനെ നിലവില്‍ പ്രതിയാക്കേണ്ടതില്ലെന്ന് പൊലീസിന് നിയമോപദേശം. ഹരിദാസനെ സാക്ഷിയാക്കി അന്വേഷണം മുന്നോട്ട് കൊണ്ടുപോകണം. അന്വേഷണത്തിന്റെ അവസാനഘട്ടത്തില്‍ തെളിവുകള്‍ ലഭിക്കുന്നതിനനുസരിച്ച് ഹരിദാസനെ പ്രതിയാക്കണോ എന്നകാര്യത്തില്‍ തീരുമാനമെടുക്കാമെന്നുമാണ് പൊലീസിന് ലഭിച്ച നിയമോപദേശം.
കന്റോണ്‍മെന്റ് പൊലീസാണ് നിയമോപദേശം തേടിയത്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കല്ലംമ്പിള്ളി മനുവാണ് നിയമോപദേശം നല്‍കിയത്. ഈ കേസില്‍ അഴിമതി നിരോധന വകുിപ്പ് നിലനില്‍ക്കില്ലെന്നും നിയമോപദേശം ലഭിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പില്‍ മകന്റെ ഭാര്യയ്ക്ക് താത്കാലിക നിയമനം ലഭിക്കുന്നതിനായി ആരോഗ്യമന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ നല്‍കിയെന്നായിരുന്നു മലപ്പുറം സ്വദേശി ഹരിദാസന്റെ പരാതി. എന്നാല്‍ ഈ മൊഴി വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വ്യാജമൊഴിയില്‍ ഇപ്പോഴത്തെ കേസിന്റെ അന്വേഷണം പൂര്‍ത്തിയായ ശേഷം ആവശ്യമെങ്കില്‍ പ്രത്യേക കേസ് എടുത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാമെന്നുമാണ് നിയമോപദേശം.