സിനിമാ മേഖലയിലെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ കൊച്ചി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്ത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ലൊക്കേഷനില്‍ സഹായികളായി എത്തുന്നവര്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവര്‍ ആകണമെന്ന കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്റെ കത്തിനാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സ്വാഗതം ചെയ്തത്.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട ലഹരിയിടപാടുകള്‍, ക്രിമിനല്‍ പശ്ചാത്തലം തുടങ്ങിയ വിവാദങ്ങള്‍ ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണ് പൊലീസ് ഇടപെട്ടത്. ഇതിന്റെ ഭാഗമായാണ് കൊച്ചി പൊലീസ് കമ്മീഷണര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് നല്‍കിയത്.
സിനിമാ മേഖലയില്‍ താരങ്ങള്‍ക്കൊപ്പവും സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പവും സഹായികള്‍ എത്താറുണ്ട്. അവരെ സംബന്ധിച്ച് ആര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇത്തരക്കാര്‍ക്ക് അതാത് സ്റ്റേഷനില്‍ നിന്നുള്ള ഒരു പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം എന്ന നിര്‍ദേശമാണ് പൊലീസ് നല്‍കിയിരുന്നത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തിനെ സ്വാഗതം ചെയ്യുകയും കത്തിന് അനുഭാവപൂര്‍ണമായ മറുപടി നല്‍കുകയും ചെയ്തു. താര സംഘടനയായ അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകളും നിര്‍ദേശത്തെ സ്വാഗതം ചെയ്തു.