ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാന വാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഇതോടെ തദ്ദേശീയമായി വിമാന വാഹിനി കപ്പൽ നിർമിക്കുന്ന ലോകത്തിലെ ആറാമത്തെ രാജ്യമാവുകയാണ് ഇന്ത്യ. വിമാനവാഹിനി കപ്പൽ നിർമിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽശാലയായി കൊച്ചിൻ ഷിപ്യാർഡ് ചരിത്രത്തിൽ ഇടം നേടും.
ലോകത്തിന് ഇന്ത്യ നൽകുന്ന മറുപടിയാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക ചരിത്രത്തിൽ തന്നെ സെപ്റ്റംബർ രണ്ട് അടയാളപ്പെടുത്തുന്നത് ഇന്ത്യ ഉറപ്പ് നൽകുന്ന സമുദ്ര സുരക്ഷയുടെ കരുത്തുറ്റ പ്രതീകമായ ഐ എൻ എസ് വിക്രാന്തിന്റെ പേരിലായിരിക്കും. ഇത് ഇന്ത്യയുടെ ഒഴുകുന്ന വിമാനത്താവളമാണ്. ഇവിടെ ഇന്ത്യൻ നാവികസേനയുടെ കരുത്ത് സമുദ്രത്തിൽ പ്രതിഫലിക്കാൻ പോവുകയാണ്. പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യൻ നാവികസേനയുടെതായി രൂപകൽപ്പന ചെയ്ത പുതിയ പതാക അനാവരണവും പ്രധാനമന്ത്രി നിർവഹിച്ചു. കൊളോണിയല്‍ ഓര്‍മകളെ പൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ട് ഇന്ത്യയുടെ സമുദ്രപാരമ്പര്യത്തിന് യോജിച്ച രീതിയിലുള്ളതാണ് പുതിയ പതാക.
കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, നാവിക സേനാ ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തുടങ്ങിയവർ പങ്കെടുത്തു.നാവിക സേനാ അഡ്മിറല്‍ ആര് ഹരികുമാര്‍ ആശംസകൾ നേർന്നു. ഇന്ത്യയുടെ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചതിന്റെ പെരുമയിൽ കൊച്ചിൻ ഷിപ്യാർഡ് അധികൃതരും സന്തോഷം പങ്കുവച്ചു.