അബുദാബി: ജിസിസിയിലെ ഏക ശിലാക്ഷേത്രം വിശ്വാസികൾക്ക് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ശിലാക്ഷേത്രമാണ് പ്രധാനമന്ത്രി ഭക്തർക്കായി തുറന്നു കൊടുത്തത്. യുഎഇ ഭരണാധികാരികളും ഇന്ത്യയിൽ നിന്നുള്ള നിരവധി വിശിഷ്ടാതിഥികളും ചരിത്രമുഹൂർത്തതിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
ബിഎപിഎസ് സ്വാമിനാരായൺ സൻസ്തയുടെ ആത്മീയ ഗുരുവായ മഹന്ത് സ്വാമി മഹാരാജും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് റിബൺ മുറിക്കുന്ന ചടങ്ങോടെയാണ് ബാപ്സ് ഹിന്ദു മന്ദിർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. മഹന്ത് സ്വാമി മഹാരാജ് വൈദിക ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ക്ഷേത്രത്തിലെത്തിയ മോദിയെ ബാപ്സ് ഹിന്ദു മന്ദിറിൻ്റെ പ്രോജക്ട് തലവൻ പൂജ്യ ബ്രഹ്മവിഹാരിദാസ് സ്വാമിയും പൂജ്യ ഈശ്വർചരൺ സ്വാമിയും ചേർന്ന് സ്വീകരിച്ചു. ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന് പുലർച്ചെ പൂർത്തിയായിരുന്നു. ഫെബ്രുവരി 18 മുതൽ ക്ഷേത്രം വിശ്വാസികൾക്കായി തുറന്നു കൊടുക്കും. ജാതിമതഭേദമന്യേ എല്ലാവർക്കും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുമെന്ന് ബാപ്സ് അധികൃതർ അറിയിച്ചിട്ടുണ്ട്.
ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിൽ അൽ റഹ്ബയ്ക്ക് സമീപം അബു മുറൈഖയിൽ യുഎഇ സർക്കാർ സംഭാവന ചെയ്ത 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 2019 ലാണ് ക്ഷേത്രത്തിൻ്റെ ശിലാസ്ഥാപന ചടങ്ങ് നടന്നത്. മൂവായിരത്തോളം പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന തരത്തിലുള്ള ഒരു പ്രാർത്ഥനാഹാളും ഇവിടെയുണ്ട്. ഇതോടൊപ്പം ഒരു കമ്മ്യൂണിറ്റി സെൻ്ററും ഒരു പ്രദർശന ഹാളും ഗ്രന്ഥശാലയും കുട്ടികൾക്കുള്ള പാർക്കും സജ്ജമാക്കിയിട്ടുണ്ട്.
രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരായ കരകൗശല വിദഗ്ധർ 25,000-ലധികം പിങ്ക് മണൽക്കല്ല് ശിലകൾ ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിച്ചത്. പരമ്പരാഗത നാഗർ ശൈലിയിലുള്ള വാസ്തുവിദ്യയാണ് ക്ഷേത്രത്തിൻ്റെ സവിശേഷത. യുഎഇയിലെ ഏഴ് എമിറേറ്റുകളിൽ ഒന്നിനെ പ്രതിനിധീകരിക്കുന്ന ഏഴ് ശിഖരങ്ങൾ ക്ഷേത്രത്തിന് 108 അടി ഉയരമാണുള്ളത്. ക്ഷേത്രത്തിൽ ഏഴ് ആരാധനാലയങ്ങളുണ്ട്, ഓരോന്നും ഇന്ത്യയുടെ വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത ദേവതകൾക്കായി സമർപ്പിച്ചിരിക്കുന്നു.
2019-ലെ മികച്ച മെക്കാനിക്കൽ പ്രോജക്ട്, MEP മിഡിൽ ഈസ്റ്റ് അവാർഡുകൾ, 2020-ലെ മികച്ച ഇൻ്റീരിയർ ഡിസൈൻ ആശയം, മികച്ച വാസ്തുവിദ്യാ ശൈലി, മികച്ച പരമ്പരാഗത നാഗർ ശൈലി എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ BAPS മന്ദിർ ഇതിനകം നേടിയിട്ടുണ്ട്.