മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. റിലീസ് ചെയ്യാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. എഴുത്തുകാരന് ദീപക് ഉണ്ണിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സംവിധായകന് ജീത്തു ജോസഫും തിരക്കഥാകൃത്ത് ശാന്തി മായാദേവിയും തന്റെ കഥ മോഷ്ടിച്ചു എന്നാണ് ദീപകിന്റെ ആരോപണം.
സിനിമയുടെ ട്രെയ്ലര് കണ്ടപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായത്. 49 പേജ് അടങ്ങിയ ഇമോഷണല്‍ കോര്‍ട്ട് ഡ്രാമയായ തന്റെ കഥയുടെ പകര്‍പ്പ് ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്ന് 3 വര്‍ഷം മുന്‍പ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വെച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ നിര്‍ബന്ധിച്ച് വാങ്ങുകയായിരുന്നു. പിന്നീട് അവര്‍ തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കി എന്നാണ് ദീപക് ഉണ്ണി ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
നേര് സിനിമയുടെ നിര്‍മ്മാതാക്കളായ മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂര്‍ എന്നിവരേയും ഹര്‍ജിയില്‍ എതിര് കക്ഷികള്‍ ആക്കിയിട്ടുണ്ട്. അഡ്വക്കറ്റ് ആബിഎ ആളൂര്‍ മുഖേനയാണ് ദീപക് ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഹൈക്കോടതി ഇന്ന് (ഡിസംബര്‍ 20) പരിഗണിച്ചേക്കും. ഡിസംബര്‍ 21നാണ് ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നേര് നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ സിനിമ കൂടിയാണിത്.