രാജ്യത്ത് വിദേശ സ്കൂളുകളുടെ പുതിയ ശാഖകൾ തുടങ്ങാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. ഇതോടെ ഒരേ ഗവർണറേറ്റുകളിൽ ഒന്നിൽ കൂടുതൽ വിദേശസ്കൂളുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹവല്ലി, ഫർവാനിയ, അഹമ്മദി ഗവർണറേറ്റുകളിൽ പുതിയ ശാഖകൾ ആരംഭിക്കുന്നതിന് അനുമതി നൽകണമെന്ന് വിദേശ സ്വകാര്യ സ്കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച അപേക്ഷയിലാണ് പുതിയ ശാഖകൾ തുടങ്ങാൻ മന്ത്രാലയം അനുമതി നൽകിയത്.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സൗകര്യം കൂടി പരിഗണിച്ചാണ് പുതിയ ശാഖകൾക്ക് അനുമതി നൽകുന്നതെന്ന് ഔദ്യോഗികവൃത്തങ്ങൾ സൂചിപ്പിച്ചു. പുതുതായി തുറക്കുന്ന ശാഖകളുടെ ലൊക്കേഷനും മറ്റു വിശദാംശങ്ങളും വിദേശ സ്കൂളുകളിൽ നിന്ന് വിദ്യാഭ്യാസമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു പരിശോധിച്ചതിന് ശേഷമാകും അന്തിമ അനുമതി നൽകുക. ഇന്ത്യ, പാകിസ്താൻ, ഫിലിപ്പീൻ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രവാസികൾ കുവൈത്തിൽ ഉള്ളതിനാൽ സ്കൂളുകൾക്ക് കൂടുതൽ ശാഖകൾ വരുന്നത് ഇവർക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നതായും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
അതേസമയം താമസസ്ഥലങ്ങളുടെ അടുത്തായി സ്കൂളുകൾ ആരംഭിക്കുന്നത് മലയാളികൾക്കും ആശ്വാസമാകും. എന്നാൽ അറബ് സ്കൂളുകൾക്കും സർവകലാശാലകൾക്കും ശാഖകൾ തുടങ്ങാനുള്ള ആവശ്യം മന്ത്രാലയം തള്ളി. മതം, ഭാഷ, അറബ് സംസ്കാരം എന്നിവ പഠിപ്പിക്കാൻ അറബ് സ്കൂളുകൾക്ക് കുവൈത്തിൽ നിലവിലുള്ള പാഠ്യപദ്ധതി മതിയെന്നാണ് മന്ത്രാലയം ചൂണ്ടിക്കാട്ടിയത്. കുവൈത്തിൽ അറബ് സർവകലാശാലകളുടെ സ്വകാര്യ ശാഖകൾ തുറക്കുന്നതും കൗൺസിൽ ഓഫ് പ്രൈവറ്റ് യൂനിവേഴ്സിറ്റി വിസമ്മതിച്ചു. കുവൈത്ത് നടപ്പിലാക്കിയ ചട്ടങ്ങളുടെ ആവശ്യകത പാലിക്കുന്നില്ലെന്ന് കണക്കിലെടുത്താണിത്.