ചുവപ്പ് ലൈറ്റ് കണ്ടിട്ടും നിർത്താതെ വാഹനമോടിക്കുന്നവർക്ക് മറ്റ് എമിറേറ്റുകളേക്കൾ കടുത്ത ശിക്ഷയുമായി അബുദാബി. നിയമം ലംഘിച്ചാൽ 51,000 ദിര്‍ഹം പിഴ ഈടാക്കാനാണ് തീരുമാനം. കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. സിഗ്നലുകളിലെ അമിതവേഗവും പച്ച സിഗ്നല്‍ മാറുംമുമ്പ് പോകാനുള്ള തിടുക്കം എന്നിവയും നിയമലംഘനത്തിന്റെ പരിധിയില്‍ വരുമെന്ന് അധികൃതർ അറിയിച്ചു.
യുഎഇയുടെ ഫെഡറൽ ട്രാഫിക് നിയമപ്രകാരംം ചുവന്ന സിഗ്നലുകളിലൂടെ ലൈറ്റ് വെഹിക്കിൾ വാഹനമോടിച്ചാൽ 1,000 ദിർഹമാണ് പിഴ . ഭാരമുള്ള വാഹനങ്ങൾക്ക് 3000 ദിർഹമാണ് പിഴ. 30 ദിവസത്തേക്ക് വാഹനങ്ങൾ കണ്ടുകെട്ടുകയും വാഹനമോടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസിൽ 12 ബ്ലാക്ക് പോയിൻ്റുകൾ വീഴുകയും ചെയ്യും. പിടിച്ചെടുത്ത കാര്‍ മോചിപ്പിക്കാൻ ഉടമകൾ 3,000 ദിർഹം ഫീസ് നൽകണം.
അബുദാബിയില്‍ പരിഷ്കരിച്ച നിയമപ്രകാരം പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ 50,000 ദിര്‍ഹമാണ് നല്‍കേണ്ടത്. ഡ്രൈവറുടെ ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദ് ചെയ്യും. വാഹനങ്ങൾ തിരിച്ചെടുത്തില്ലെങ്കില്‍ ലേലം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. ചുവപ്പ് സിഗ്നല്‍ മറികടക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതോടെ ഉടമയ്ക്ക് അരലക്ഷത്തില്‍ അധികം ദിര്‍ഹമാണ് പിഴയടക്കേണ്ടി വരിക.
2020 സെപ്റ്റംബറില്‍ കൊണ്ടുവന്ന നിയമം അബുദാബി കര്‍ശനമാക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് അബുദാബി പോലീസ് സോഷ്യൽ മീഡിയ ചാനലുകളിൽ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസത്തിനകം കണ്ടുകെട്ടിയ വാഹനങ്ങൾ ലേലം ചെയ്യുമെന്നാണ് അറിയിപ്പ്. ലൈറ്റുകൾ മറികടക്കുന്നതിലെ അപകടസാധ്യത വ്യാക്തമാക്കുന്ന വീഡിയോകളും പൊലീസ് പങ്കുവച്ചിട്ടുണ്ട്.