രണ്ടാമതും അമ്മയാവാനൊരുങ്ങി അവതാരക പേർളി മാണി. ഇൻസ്റ്റാഗ്രാമിലൂടെ പേർളി മാണി തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. മനോഹരമായ ഒരു വാർത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ സന്തോഷമുണ്ട്.. ഞങ്ങൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്…നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹം ഉണ്ടായിരിക്കണം… പേർളി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ പേർളിമാണിയുടെ ഈ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൻ വൈറലായി. രണ്ട് മണിക്കൂറിനുള്ളിൽ രണ്ടേകാൽ ലക്ഷം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്.
മിനിസ്ക്രീൻ താരങ്ങളായ അശ്വതി ശ്രീകാന്ത്, ലക്ഷ്മി നക്ഷത്ര, വ്ലോഗർ അർജ്ജു, അസ്വി ബിഗ് ബോസ് താരങ്ങളായ ബഷീർ ബഷി, ജുനൈസ് വിപി, സൌഭാഗ്യ വെങ്കിടേഷ്, നടി ഗായത്രി സുരേഷ്,ഷംന കാസിം, പ്രീതി എന്നിവർ പേർളിയുടെ പോസ്റ്റിൽ ആശംസകളുമായി എത്തി.
ടെലിവിഷൻ അവതാരകയായും ഗായികയായും പേരെടുത്ത പേർളി മാണി 2018-ൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് മലയാളം ഒന്നാം സീസണിലൂടെയാണ് കൂടുതൽ ജനപ്രീതിയാർജ്ജിച്ചത്. ആ സീസണിൽ റണ്ണർ അപ്പായിരുന്നു പേർളി. പിന്നീട് സഹമത്സരാർത്ഥിയായിരുന്ന ശ്രീനിഷ് അരവിന്ദിനെ വിവാഹം ചെയ്തു. ബിഗ് ബോസ് വീടിനുള്ളിലെ ഇവരുടെ പ്രണയവും വിവാഹവുമെല്ലാം എല്ലാം അന്ന് വലിയ വാർത്തയായിരുന്നു. 2019-ലായിരുന്നു ഇവരുടെ വിവാഹം. 2021 മാർച്ചിൽ ദമ്പതികൾക്ക് നിലാ എന്ന മകളും പിറന്നു. ബിഗ് ബോസിന് ശേഷം വ്ലോഗർ എന്ന നിലയിലാണ് കൂടുതൽ ശ്രദ്ധ നേടിയത്. മലയാളത്തിലെ ഏറ്റവും കാഴ്ച്ചക്കാരുള്ള യൂട്യൂബ് ചാനലുകളിൽ ഒന്നാണ് പേർളി മാണിയുടേത്.