ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനി കേരളത്തിലെത്തി. ഇന്ന് 11.30 ഓടെ ബെംഗളൂരുവില്‍ നിന്ന് വിമാനമാര്‍ഗം തിരിച്ച മഅ്ദനി 1240 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ഭാരയ് സൂഫിയ മഅ്ദനിയും മകന് സലാഹുദ്ദീന് അയ്യൂബിയുമടക്കം 13 പേര് ഒപ്പമുണ്ടായിരുന്നു.
വിചാരണ കാലാവധി പൂര്‍ത്തിയായതിനാല്‍ ബാക്കി നടപടികള്‍ക്ക് മഅ്ദനിയുടെ സാന്നിധ്യം ആവശ്യമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി അദ്ദേഹത്തെ കേരളത്തിലേക്ക് തിരിക്കാന്‍ അനുവദിക്കുകയായിരുന്നു.
അന്‍വാര്‍ശ്ശേരിയിലെത്തുന്ന മഅ്ദനി കുടുംബ വീട്ടിലെത്തി പിതാവിനെ കാണും. പിതാവിനോടൊപ്പം ഏതാനും ദിവസങ്ങള്‍ അന്‍വാര്‍ശ്ശേരിയില്‍ തുടര്‍ന്നതിന് ശേഷമായിരിക്കും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിക്കുകയെന്ന് മഅ്ദനി പറഞ്ഞിരുന്നു.
നീതി ന്യായ വ്യവസ്ഥയുടെ യശസ്സ് ഉയരുന്ന സന്ദര്‍ഭമാണിതെന്നും തന്നെ പിന്തുണച്ചവര്ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദിയുണ്ടെന്നും മഅ്ദനി ബെംഗളൂരുവില്‍ വെച്ച് പറഞ്ഞു.
ചികിത്സ തുടരാമെന്നും ജാമ്യ കാലയളവില്‍ ഇനി കേരളത്തില്‍ തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 15 ദിവസത്തിലൊരിക്കല്‍ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടക പൊലീസിന് കൈമാറണമെന്നും സുപ്രീം കോടതി പറഞ്ഞു. മഅ്ദനിക്ക് കര്‍ണാടക പൊലീസ് അകമ്പടിയുടെ ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് വളരെയധികം കൂടുതല്‍ ആയതിനാല്‍ കിഡ്നി മാറ്റിവെക്കല്‍ അടക്കമുള്ള ചികിത്സ ആവശ്യമാണെന്നും കൊച്ചിയിലെ ആശുപത്രിയിലാണ് നിലവില്‍ ചികിത്സയെന്നും മഅ്ദനിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ചികിത്സാവശ്യാര്‍ത്ഥം കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ പുറത്ത് പോകാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.