പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ കനത്ത സാമ്പത്തിക പ്രതിസസന്ധിയിലാക്കി ചാംപ്യൻസ് ട്രോഫി 2025. ഗ്ലാമർ ടീമായ ഇന്ത്യ പാകിസ്ഥാനിൽ കളിക്കാൻ എത്താതിരുന്നതും ആതിഥേയരായ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ആദ്യ റൌണ്ടിൽ തന്നെ പുറത്തായതും വരുമാനം കുത്തനെ ഇടിയാൻ കാരണമായി എന്നാണ് സൂചന. ഏതാണ്ട് 869 കോടി രൂപയുടെ നഷ്ടമാണ് പിസിബി നേരിട്ടത് എന്നാണ് വിവരം.
ചാംപ്യൻസ് ട്രോഫി നടത്തിപ്പിനായി ആകെ മുടക്കിയ തുകയിൽ 85 ശതമാനവും നഷ്ടത്തിലായി എന്നാണ് പുറത്തു വരുന്ന കണക്കുകൾ. റാവൽപിണ്ടി, ലാഹോർ, കറാച്ചി സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി മാത്രം 58 മില്ല്യണ്‍ യുഎസ് ഡോളറാണ് പാക് ക്രിക്കറ്റ് ബോർഡ് ചിലവാക്കിയത്. ഇതു കൂടാതെ ടൂർണ്മെൻ്റ് നടത്തിപ്പിനായി 40 മില്ല്യണ്‍ ഡോളറും ചിലവിട്ടു.
എന്നാൽ ആതിഥേയരാജ്യത്തിനുള്ള ഹോസ്റ്റിംഗ് ഫീ ഇനത്തിൽ ആറ് മില്ല്യണ്‍ ഡോളർ മാത്രമാണ് പിസിബിക്ക് കിട്ടിയത്. ടിക്കറ്റ് സെയിൽ, സ്പോണ്‍സർഷിപ്പ് അടക്കം കിട്ടിയ തുകയാണിത്. ഇതോടെ ഫലത്തിൽ 85 മില്ല്യണ്‍ ഡോളർ ഷ്ടമാണ് പാക്കിസ്ഥാൻ നേരിട്ടത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ന്യൂസിലാൻഡിനെതിരെ ഒരു മത്സരം മാത്രമാണ് പാകിസ്ഥാൻ കളിച്ചത്. റാവൽപിണ്ടിയിൽ ബംഗ്ലാദേശിനെതിരായ അടുത്ത മത്സരം കനത്ത മഴ മൂലം ഉപേക്ഷിച്ചു. ഇന്ത്യയ്ക്ക് എതിരായ മത്സരം ദുബായിൽ വച്ചായിരുന്നു. മറ്റു രണ്ട് മത്സരങ്ങളും മഴ മൂലം ഉപേക്ഷിക്കേണ്ട ഗതിയായി.
കനത്ത നഷ്ടം മറികടക്കാൻ അടിയന്തര നടപടികൾ പിസിബി ആരംഭിച്ചുവെന്നാണ് സൂചന. ഇതിൻ്റെ ആദ്യ ഫലം അനുവഭിക്കേണ്ടി വന്നത് പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളാണ്. നാഷണൽ ടി20 ലീഗ് കളിക്കാരുടെ മാച്ച് ഫീ 40000 രൂപയിൽ നിന്നും പതിനായിരമാക്കി പിസിബി വെട്ടിച്ചുരുക്കി എന്നാണ് വാർത്തകൾ. പ്രത്യേകിച്ചൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ഈ നടപടി.