ഖത്തറിൽ ഒക്ടോബർ 25ന് ഭാഗിക സൂര്യഗ്രഹണം കാണാം. ദോഹ സമയം ഉച്ചയ്ക്ക് 1.35 ന് ഖത്തർ ആകാശത്ത് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. അത് ഉച്ച കഴിഞ്ഞ് 2.47 ന് അതിന്റെ പാരമ്യത്തിലെത്തും. തുടർന്ന് 3.52 ന് അവസാനിക്കും. ഖത്തർ കലണ്ടർ ഹൗസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
രണ്ട് മണിക്കൂറും 17 മിനിറ്റും ആയിരിക്കും തുടക്കം മുതൽ അവസാനിക്കുന്നത് വരെയുള്ള ഗ്രഹണത്തിന്റെ ദൈർഘ്യം. ഗ്രഹണത്തിന്റെ ഏറ്റവും ഉയർന്ന സമയത്ത് സൂര്യന്റെ 38 ശതമാനം ചന്ദ്രൻ തടയും. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. അങ്ങനെ സൂര്യൻ പൂർണമായോ ഭാഗികമായോ മൂടപ്പെട്ടിരിക്കും.