‘വന്ദേ ഭാരത്’നോട് ‘വരേണ്ട ഭാരത്’ എന്ന് പറയാതെ ‘വരട്ടെ ഭാരത്’ എന്ന് പറയാത്തവർ മലയാളികളല്ല എന്ന് തുടങ്ങുന്ന കവിതയിൽ വന്ദേ ഭാരത് കേരളത്തിലെത്തിയതിന് പിന്നാലെ ഉയർന്ന് വന്ന രാഷ്ട്രീയ കോലാഹലങ്ങളെ ഫലിത രൂപേണ വിമർശിക്കുകയാണ് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ റെയിൽ കേരളത്തെ കാരറ്റ് പോലെ വെട്ടി നുറുക്കാൻ ഓങ്ങി നിൽക്കുമ്പോൾ തലോടലുമായാണ് വന്ദേ ഭാരതിന്റെ വരവെന്നാണ് കവിതയിലെ പരാമർശം.
എംവി ഗോവിന്ദൻ മാഷിന്റെ ‘അപ്പം’ പരാമർശത്തെയും രൂപേഷ് കവിതയിൽ പരിഹസിക്കുന്നുണ്ട്. കേരളത്തിന് ലഭിച്ച വന്ദേ ഭാരത് എക്സ്പ്രസിന് ചങ്ങല വലിക്കുന്നവർ അറിയേണ്ടത് ചങ്ങലയിൽ കുരുങ്ങുക മോദിയല്ല മറിച്ച ചങ്ങല വലിക്കുന്നവർ തന്നെയാകുമെന്ന താക്കീതും കവിതയിലുണ്ട്. രൂപേഷ് പന്ന്യന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്ന കവിത ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും തന്റെ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. വന്ദേ ഭാരത് സമൂഹ മാധ്യമങ്ങളിൽ ചൂട് പിടിച്ച് നിൽക്കുമ്പോൾ സിപിഐ മുതിർന്ന നേതാവിന്റെ മകന്റെ കവിതയും ചർച്ചാ വിഷയമാവുകയാണ്.
രൂപേഷ് പന്ന്യൻ പങ്കുവച്ച കവിതയുടെ പൂർണ രൂപം
‘വന്ദേ ഭാരത് ‘ നോട്
‘വരണ്ടേ ഭാരത് ‘ എന്നു പറയാതെ
‘വരട്ടെ ഭാരത് ‘ എന്നു പറയാത്തവർ മലയാളികളല്ല….
വന്ദേ ഭാരതിന്
മോദി
കൊടിയുയർത്തിയാലും…
ഇടതുപക്ഷം വെടിയുതിർത്താലും…
വലതുപക്ഷം വാതോരാതെ
സംസാരിച്ചാലും…
പാളത്തിലൂടെ ഓടുന്ന
മോടിയുള്ള വണ്ടിയിൽ
പോയി
അപ്പം വിൽക്കാനും
തെക്ക് വടക്കോടാനുമായി
ടിക്കറ്റടുക്കുന്നവരുടെ മനസ്സിൽ എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ല …
കെ. റെയിൽ
കേരളത്തെ
കേരറ്റ് പോലെ വെട്ടിമുറിക്കാനോങ്ങി നിൽക്കുമ്പോൾ…
വെട്ടാതെ തട്ടാതെ
തൊട്ടു നോവിക്കാതെ
വെയിലത്തും മഴയത്തും
ചീറിയോടാനായി
ട്രാക്കിലാകുന്ന
വന്ദേ ഭാരതി നെ നോക്കി
വരേണ്ട ഭാരത്
എന്നു പാടാതെ
വരട്ടെ ഭാരത് എന്നു പാടിയാലെ ആ പാട്ടിൻ്റെ ഈണം
യേശുദാസിൻ്റെ ശബ്ദം പോലെ ശ്രുതിമധുരമാകുകയുള്ളൂ ….
ശ്രുതി തെറ്റുന്ന പാട്ട്
പാളം തെറ്റിയ
തീവണ്ടി പോലെയാണ് ….
പാളം തെറ്റാതെ ഓടാനായി
വന്ദേ ഭാരത്
കുതിച്ചു നിൽക്കുമ്പോൾ
കിതച്ചു കൊണ്ടോടി
ആ കുതിപ്പിൻ്റെ
ചങ്ങല വലിക്കരുത് …
അങ്ങിനെ വലിക്കുന്ന
ചങ്ങലയിൽ കുരുങ്ങി നിൽക്കുക
മോദിയല്ല…..
വലിക്കുന്നവർ തന്നെയാകും …
വൈകി വന്ന
വന്ദേ ഭാരതിനെ
വരാനെന്തെ വൈകി
എന്ന പരിഭവത്തോടെ…
വാരിയെടുത്ത്
വീട്ടുകാരനാക്കുമ്പോഴെ…
അത്യാവശ്യത്തിന്
ചീറി പായാനായി
വീട്ടിലൊരു
‘ഉസൈൻ ബോൾട്ട് ‘
കൂടിയുണ്ടെന്ന് ആശ്വസിക്കാനാവൂ ..
….വന്ദേ ഭാരത്…