പാകിസ്ഥാനിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 1,000 കവിഞ്ഞു. ജൂൺ മാസം മുതലുള്ള മഴയിലും വെള്ളപ്പൊക്കത്തിലും 1,033 പേർ മരിക്കുകയും 1,527 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ സാഹചര്യത്തിൽ പാകിസ്ഥാനിൽ സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 119 പേർ മരിക്കുകയും 71 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാനിൽ നാലും ഗിൽജിത് ബാൾട്ടിസ്ഥാനിൽ ആറും ഖൈബർ പഖ്തൂൺഖ്വയിൽ 31 പേരും സിന്ധിൽ 76 പേരുമാണ് മരിച്ചത്. മൂന്ന് മാസമായി തുടരുന്ന മഴക്കെടുതിയിൽ രാജ്യത്ത് 3,451.5 കിലോമീറ്റർ റോഡും 149 പാലങ്ങളും 170 കടകളും തകർന്നു. 662,446 വീടുകൾ ഭാഗികമായും 287,412 വീടുകൾ പൂർണമായും നശിച്ചു. 719,558 വളർത്തുമൃഗങ്ങളും ചത്തിട്ടുണ്ട്.
പത്ത് വർഷങ്ങൾക്കിപ്പുറം പാകിസ്ഥാൻ നേരിടുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെയാണ് പ്രളയം ബാധിച്ചത്. കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ദുരന്ത നിവാരണത്തിനായി ലോകരാജ്യങ്ങളുടെ സഹായം അഭ്യർത്ഥിച്ചിരുന്നു.