ന്യൂഡൽഹി: ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) ഗോവയിൽ നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി അടുത്ത മാസം ഇന്ത്യയിലെത്തും. മെയ് 4-5 തീയതികളിൽ ഗോവയിൽ നടക്കുന്ന എസ്സിഒ കൗൺസിൽ ഓഫ് ഫോറിൻ മിനിസ്റ്റേഴ്സിൽ (വിദേശകാര്യമന്ത്രിമാരുടെ യോഗം) വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്ചാണ് അറിയിച്ചത്. 2014ൽ അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ശേഷം ഒരു പാക് നേതാവ് നടത്തുന്ന ആദ്യ സന്ദർശനമായിരിക്കും സർദാരിയുടെ ഇന്ത്യാ സന്ദർശനം.
നിലവിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഇന്ത്യ, ചൈനയുടെ പുതിയ വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്ങിനും പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിക്കും ഉൾപ്പെടെയുള്ള എസ്സിഒ അംഗങ്ങൾക്ക് ജനുവരിയിൽ ക്ഷണം അയച്ചിരുന്നു.
2019ൽ ജമ്മു കശ്മീരിലെ പുൽവാമയിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകരർ നടത്തിയ ഭീകരാക്രമണത്തിനും മറുപടിയായി പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ഭീകര പരിശീലന ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിനും ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു.