അയർലൻഡിൽ ഗാര്‍ഹികപീഡനത്തിന് ഇരയായവർക്ക് അഞ്ച് ദിവസത്തെ ശമ്പളത്തോടുകൂടിയുള്ള അവധി നല്‍കുന്നതിനുള്ള വർക്ക് ലൈഫ് ബാലൻസ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ഗാർഹിക പ്രശ്നങ്ങൾ പരിഹരിക്കൽ, ഡോക്ടറെ കാണുക, കോടതിയില്‍ ഹാജരാകുക തുടങ്ങിയ കാര്യങ്ങള്‍ക്കായി ഈ ലീവുകള്‍ സഹായകമാകുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.
ഗാര്‍ഹികപീഡനത്തിന് ഇരയാകുന്നവർക്ക് വരുമാനം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് ഈ ബില്ലെന്ന് യുവജനക്ഷേമ വകുപ്പ്മന്ത്രി റോഡറിക് ഒഗോർമാൻ പറഞ്ഞു. ഗാർഹികപീഡനം അനുഭവിക്കുന്നവര്‍ ദാരിദ്ര്യത്തിലേയ്ക്ക് വഴുതിവീഴാൻ പാടില്ലെന്ന സർക്കാർ നിലപാടാണ് പുതിയ നിയമത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച പുതിയ പദ്ധതികള്‍ രൂപീകരിക്കാന്‍ തൊഴില്‍ദാതാക്കള്‍ക്ക് സഹായവും, നിര്‍ദ്ദേശവും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂസിലാന്റില്‍ ഈ നിയമം ഏറെ ഗുണം ചെയ്തിരുന്നു. അതിന്റെ വെളിച്ചത്തിലാണ് ഇവിടേയും നിയമം കൊണ്ടുവരുന്നത്. യൂറോപ്പില്‍ ഈ നിയമം നടപ്പിലാക്കുന്ന ആദ്യ രാജ്യമാണ് അയര്‍ലൻഡ്. കുടുംബസൗഹൃദമായ തൊഴില്‍സംസ്കാരം സൃഷ്ടിക്കുന്നതിലും, സ്ത്രീസൗഹൃദ തൊഴിലിടം നിര്‍മ്മിക്കുന്നതിലും പ്രധാന ചുവടുവയ്പ്പാണ് ഈ ബില്ലെന്നും മന്ത്രി റോഡറിക് ഒഗോർമാൻ പറഞ്ഞു.