വിവാദപരാമർശത്തിന് പിന്നാലെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ കണ്ട് ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷ. സമരക്കാർക്കൊപ്പമാണ് താനെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ഉഷ സമരക്കാരെ നേരിട്ട് അറിയിച്ചു. സമരം ചെയ്യുന്നവരോടൊപ്പമാണ്. വിഷയത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്നും അവർ ഗുസ്തി താരങ്ങളെ അറിയിച്ചു. അതേസമയം ബ്രിജ്ഭൂഷനെ ജയിലിലടയ്ക്കും വരെ സമരം തുടരുമെന്ന് ഗുസ്തി താരം ബജ്റങ് പൂനിയ പ്രതികരിച്ചു.
കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങിയ ഉഷയ്ക്ക് നേരെ ചിലർ പ്രതിഷേധ ശബ്ദമുയർത്തിയത് സംഘർഷത്തിനിടയാക്കി. മാധ്യമങ്ങളോട് പ്രതികരിക്കാൻ പി ടി ഉഷ തയ്യാറായില്ല. ബ്രിജ്ഭൂഷനെതിരെ താരങ്ങൾ തെരുവിലിറങ്ങിയ സംഭവം ഇന്ത്യയുടെ പ്രതിച്ഛായയെ തകർക്കുമെന്ന പി ടി ഉഷയുടെ പരാമർശമാണ് വിവാദമായത്. ഇതിനെതിരെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലുള്ള നിരവധി പേർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പി ടി ഉഷ ഗുസ്തി താരങ്ങളെ സന്ദർശിച്ച് പിന്തുണ വാഗ്ദാനം ചെയ്തത്.