കോട്ടയം: നെൽകർഷകർക്ക് സംഭരണത്തുക വിതരണം ചെയ്യാനാകാത്തത് കേന്ദ്രത്തിൽ നിന്ന് ഫണ്ട് ലഭിക്കാത്തത് കൊണ്ടാണെന്ന വാദം തള്ളി കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രത്തിൽ നിന്ന് പണം കിട്ടിയില്ലെങ്കിൽമന്ത്രി തെളിവ് പുറത്തുവിടണമെന്നും, എന്തിനും ഏതിനും കേന്ദ്രത്തെ പഴിചാരുന്ന രീതി ശരിയല്ലെന്നുമായിരുന്നു വി മുരളീധരന്റെ പരാമർശം
കേരളത്തിന് അർഹതപ്പെട്ട നയാപൈസ പോലും കേന്ദ്രം പിടിച്ചുവയ്ക്കാറില്ല. ചട്ടങ്ങൾ അനുസരിച്ച് കേരളത്തിന് കൊടുക്കാനുള്ള മുഴുവൻ തുകയും കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി. കണക്കുകൾ നിരത്തിയാണ് അദ്ദേഹം സർക്കാർ വാദത്തെ തള്ളിയത്.ഏത് മേഖലയിൽ പാളിച്ച പറ്റിയാലും കേന്ദ്രത്തെ പഴിചാരുന്ന ക്യാപ്സൂൾ കയ്യിലിരിക്കട്ടെ എന്നും മന്ത്രി തിരിച്ചടിച്ചു
ആരോഗ്യ മേഖലയ്ക്ക് ഗ്രാന്റ് ഇനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 521.43 കോടി നൽകി.2022-23 സാമ്പത്തിക വർഷത്തിൽ 421.81 കോടി നൽകി. അനുവദിച്ച തുകയുടെ 50 ശതമാനത്തിന് മേൽ ചെലവഴിക്കണമെന്നാണ് വ്യവസ്ഥ ഇത് പാലിക്കാതെ ബാക്കി തുക നൽകാനാവില്ല. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലെ ധനക്കമ്മി ഗ്രാന്റുകളും പൂർണമായി വിതരണം ചെയ്തു
ഒരു വശത്ത് ദാരിദ്ര്യം പറയുന്നവർ മറുവശത്ത് ഹെലികോപ്റ്റർ വാങ്ങാൻ ലക്ഷങ്ങൾ പൊടിക്കുന്നു. കാബിനറ്റ് പ്രതിനിധിക്ക് വേണ്ടി ലക്ഷങ്ങളാണ് കേരളം ചെലവഴിക്കുന്നത്. ജനങ്ങൾക്ക് ഇതൊക്കെ മനസിലാകുമെന്നും അവർ ഇതിന് മറുപടി പറയുമെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.